ന്യൂദല്‍ഹി: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. ഫലസ്തീനെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങള്‍ പ്രിന്റ് ചെയ്ത ബാഗുമായാണ് പ്രിയങ്ക ഗാന്ധി ഇന്ന് (തിങ്കളാഴ്ച) പാര്‍ലമെന്റില്‍ എത്തിയത്.
തണ്ണിമത്തന്‍, കെഫിയ ഉള്‍പ്പെടെയുള്ള പ്രതീകങ്ങൾ ബാഗിലുണ്ട്. ഫലസ്തീന്‍ എന്ന് ബാഗില്‍ ആലേഖനവും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദല്‍ഹിയിലെ ഫലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.
കെഫിയ ധരിച്ചാണ് പ്രിയങ്ക അബി ജാസറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം നയതന്ത്ര പ്രതിനിധി സമ്മാനിച്ച ബാഗുമായാണ് പ്രിയങ്ക ലോക്‌സഭയിൽ എത്തിയിരിക്കുന്നത്.
എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രിയങ്കയെ ആബിദ് അഭിനന്ദിക്കുകയും ഗസയുടെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യ പങ്ക് വഹിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ അദാനി-മോദി ബന്ധത്തില്‍ പ്രതിഷേധ സൂചകമായി ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമുള്ള ബാഗുമായി പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കോണ്‍ഗ്രസ് എം.പി പാര്‍ലമെന്റില്‍ എത്തിയത്.
ഇസ്രഈലിനെ പിന്തുണക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രിയങ്ക നേരത്തെ ഉയര്‍ത്തിയിട്ടുള്ളത്.
അന്താരാഷ്ട്ര സമൂഹത്തിലെ അംഗമെന്ന നിലയില്‍ ഇന്ത്യ സത്യത്തിന്റെ കൂടെയാണ് നിലകൊള്ളേണ്ടതെന്നും അത് രാജ്യത്തിന്റെ കടമയാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഫലസ്തീന്‍ എന്ന രാജ്യം ഇസ്രഈലിനാല്‍ മുഴുവനായും തുടച്ചുനീക്കപ്പെടുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു.