| Saturday, 20th April 2019, 4:58 pm

ആദ്യം രാഹുല്‍, പിന്നെ സോണിയ, ഇപ്പോള്‍ പ്രിയങ്കയും; കൈയടി നേടി ജ്യോതിയുടെ പരിഭാഷ- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: ജ്യോതി വിജയകുമാര്‍. മലയാളികള്‍ക്ക് ആ പേര് പരിചിതമായിട്ട് കുറച്ചുനാളുകളായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെ പ്രസംഗം ആവേശം ചോരാതെ അണികളിലേക്കെത്തിച്ചാണ് ജ്യോതി ഇന്നു ചര്‍ച്ചാവിഷയമാകുന്നത്. എന്നാല്‍ ശനിയാഴ്ച ജ്യോതി പിന്നിട്ടത് ഒരു നാഴികക്കല്ല് കൂടിയാണ്.

രാഹുലിനുവേണ്ടി പ്രചാരണത്തിനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മാനന്തവാടിയില്‍ നടത്തിയ പ്രസംഗം ശനിയാഴ്ച തര്‍ജമ ചെയ്തതോടുകൂടി അമ്മയുടെയും മകന്റെയും മകളുടെയും പ്രസംഗം തര്‍ജമ ചെയ്‌തെന്ന അപൂര്‍വ റെക്കോഡാണ് ജ്യോതിയെ തേടിയെത്തിയിരിക്കുന്നത്.

നേരത്തേ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോഴും പരിഭാഷക ജ്യോതിയായിരുന്നു. പിന്നീട് രാഹുലിനുവേണ്ടിയും ഇപ്പോള്‍ പ്രിയങ്കയ്ക്കു വേണ്ടിയും ജ്യോതി പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തി.

രാഷ്ട്രീയത്തില്‍ സജീവമായശേഷം വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇംഗ്ലീഷില്‍ പ്രിയങ്ക നടത്തുന്ന ആദ്യ പ്രസംഗം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

പ്രസംഗം അവസാനിപ്പിച്ച് മടങ്ങാന്‍ നേരം നിങ്ങളുടെ ഭാഷ തനിക്കറിയാതെ പോയല്ലോയെന്നു പ്രിയങ്ക തന്നോടു പറഞ്ഞതായി ജ്യോതി മനോരമ ന്യൂസിനോടു പറഞ്ഞു. നിങ്ങള്‍ നന്നായി ചെയ്‌തെന്നു ജനങ്ങളില്‍ നിന്നു മനസ്സിലായെന്നും പ്രിയങ്ക പറഞ്ഞതായി ജ്യോതി പറഞ്ഞു.

2011-ല്‍ ജന്മനാടായ ചെങ്ങന്നൂരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്തുകൊണ്ടാണ് ജ്യോതി പരിഭാഷകയെന്ന നിലയില്‍ തുടക്കമിട്ടത്. പിന്നീട് 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലും ജ്യോതി രാഹുലിന്റെ വാക്കുകള്‍ തര്‍ജ്ജമ ചെയ്തു. അന്ന് പ്രസംഗം കഴിഞ്ഞ് രാഹുല്‍ ജ്യോതിയെ അഭിനന്ദിച്ചിരുന്നു.

2017-ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി കേരളത്തില്‍ വന്നവേളയില്‍ സോണിയയുടെ പ്രസംഗം പരിഭാഷ ചെയ്തു.

ഇന്ദിരാഗാന്ധിയുടെ വലിയ ആരാധികയായ ജ്യോതി ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള എ.ഐ.സി.സിയുടെ ‘ഇന്ദിരാഗാന്ധി, ലൈഫ് ഓഫ് സ്ട്രഗിള്‍’ എന്ന കയ്യെഴുത്ത് പ്രതികള്‍ പരിഭാഷപ്പെടുത്തിയിരുന്നു. അന്ന് മുതലാണ് കെ.പി.സി.സി ജ്യോതിയെ കോണ്‍ഗ്രസ് വേദികളില്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജ്യോതി 1999-ല്‍ തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളജിലെ ആദ്യ വനിതാ ചെയര്‍പേഴ്സണ്‍ ആയിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ ചെയ്ത ജ്യോതി നിയമ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തെ ദൂരദര്‍ശനില്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2018-ല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയായ ഡി. വിജയകുമാറിന്റെ മകളാണ് ജ്യോതി. ഐ.ടി പ്രഫഷണലായ ആര്‍ പാരിയാണ് ജ്യോതിയുടെ ഭര്‍ത്താവ്.

വീഡിയോ കടപ്പാട്: മീഡിയാ വണ്‍ ടിവി

Latest Stories

We use cookies to give you the best possible experience. Learn more