സംഭാല്‍ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ഇടപെടണം; അന്തരീക്ഷം കലുഷിതമാക്കിയത് സര്‍ക്കാര്‍: പ്രിയങ്ക ഗാന്ധി
national news
സംഭാല്‍ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ഇടപെടണം; അന്തരീക്ഷം കലുഷിതമാക്കിയത് സര്‍ക്കാര്‍: പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th November 2024, 12:15 pm

ലഖ്നൗ: സംഭാലിലെ സംഘര്‍ഷത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് നിയുക്ത എം.പിയും ഐ,.സി.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.

ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഘര്‍ഷത്തില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പ്രയങ്കയുടെ പ്രതികരണം.

ഇത്രയും സെന്‍സിറ്റീവായ ഒരു വിഷയത്തില്‍ രണ്ട് പക്ഷത്തിനും പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തന്നെയാണ് സംഭാലിലെ അന്തരീക്ഷം കലുഷിതമാക്കിയതെന്നും പ്രിയങ്ക പറഞ്ഞു. ഇരുവിഭാഗത്തെയും വിശ്വാസത്തിലെടുക്കാതെ ഭരണകൂടം തിടുക്കപ്പെട്ട് സ്വീകരിച്ച നടപടികളുടെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും എം.പി ചൂണ്ടിക്കാട്ടി.

സര്‍വേ നടപടിക്രമങ്ങള്‍ക്കും പരിശോധനകള്‍ക്കും സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭാല്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ട് നീതി നടപ്പിലാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

‘അധികാരത്തിലിരുന്ന് വിവേചനവും അടിച്ചമര്‍ത്തലും ഭിന്നിപ്പും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ താത്പര്യമോ രാജ്യതാത്പര്യമോ അല്ല,’ പ്രിയങ്ക എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഏത് സാഹചര്യത്തില്‍ ആണെങ്കിലും സമാധാനം നിലനിര്‍ത്തണമെന്ന് സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും പ്രിയങ്ക പറഞ്ഞു.

നേരത്തെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗി സര്‍ക്കാരിനെതിരെ പ്രതികരിച്ചിരുന്നു. സംഘപരിവാറിന് ഇനിയെത്ര പേരുടെ രക്തം വേണമെന്ന് ഒവൈസിയും ബി.ജെ.പിയുടെ ആസൂത്രിത പദ്ധതിയാണ് സംഭാലിലെ സംഘര്‍ഷമെന്ന് അഖിലേഷും പ്രതികരിച്ചു.

നിലവില്‍ സംഭാല്‍ ആക്രമണത്തെ തുടര്‍ന്ന് ജില്ലയില്‍ നവംബര്‍ 30 വരെ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ (ബി.എന്‍.എസ്) വ്യവസ്ഥകള്‍ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജേന്ദര്‍ പെന്‍സിയ അറിയിച്ചു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരോ മറ്റ് സാമൂഹിക സംഘടനകളോ ജനപ്രതിനിധികളോ ജില്ലാ അതിര്‍ത്തിയില്‍ പ്രവേശിക്കരുതെന്നാണ് പ്രാബല്യത്തില്‍ വന്ന ഉത്തരവില്‍ പറയുന്നത്.

Content Highlight: Priyanka Gandhi wants the Supreme Court to intervene in the conflict in Sambhal