national news
വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലികിനെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Dec 22, 04:15 pm
Friday, 22nd December 2023, 9:45 pm

ന്യൂദല്‍ഹി: ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലികിനെ സന്ദര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താന്‍ ഒരു സ്ത്രീയെന്ന നിലയിലാണ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സാക്ഷി മാലികിനെ സന്ദര്‍ശിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

വനിതാ ഗുസ്തി താരങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും നിലവിലെ ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ പാനല്‍ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പിലെ വിജയമടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യയിലെ സ്ത്രീകളെ അനാദരവാണെന്നും പ്രിയങ്ക മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.

സാക്ഷി മാലികിന്റെ വസതിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗുസ്തി ബജ്‌റംഗ് പൂനിയ അടക്കമുള്ള കായിക താരങ്ങളുമായി സംവദിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തലസ്ഥാനത്തെ ജന്തര്‍ മന്തറില്‍ വെച്ച് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്.ഐ) തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. കായിക താരങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് സിങ്ങിനെ പുറത്താക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

സാക്ഷി മാലികിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ കായിക താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒളിമ്പിക്സ് ജേതാവായ ബജ്‌റംഗ് പൂനിയ വെള്ളിയാഴ്ച തനിക്ക് ലഭിച്ച പത്മ പുരസ്‌കാരവും ഒളിമ്പിക്സ് മെഡലും കര്‍ത്തവ്യ പഥില്‍ വെച്ച് സര്‍ക്കാരിന് തിരികെ നല്‍കിയിരുന്നു.

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നേരത്തെ 40 ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന സമരം ഗുസ്തി താരങ്ങള്‍ നടത്തിയിരുന്നു. ബ്രിജ് ഭൂഷനെതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജ്യത്തിന് ലഭിച്ച മെഡലുകള്‍ നദിയിലൊഴുക്കാന്‍ വരെ താരങ്ങള്‍ തീരുമാനിച്ചിരുന്നു. തങ്ങള്‍ക്ക് സര്‍ക്കാര്‍ തന്ന വാക്ക് പാലിച്ചില്ലെന്നും വിരമിക്കല്‍ പ്രഖ്യാപന വേളയില്‍ സാക്ഷി മാലിക് ചൂണ്ടിക്കാട്ടിയിരുന്നു

Content Highlight: Priyanka Gandhi visits Sakshi Malik who announced his retirement