| Friday, 10th April 2020, 1:43 pm

ഈ യുദ്ധത്തില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കാം; യോഗി ആദിത്യനാഥിന് പ്രിയങ്കയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യു.പി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

ആത്മവിശ്വാസത്തോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പകര്‍ച്ചവ്യാധിക്കെതിരായ ഈ പോരാട്ടത്തില്‍ തങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ പറഞ്ഞു.

കൊറോണ വൈറസിനെ സംബന്ധിച്ച് മതമോ ജാതിയോ ഇല്ല. അത് എല്ലാവരേയും ഒരുപോലെ ബാധിക്കും. ഈ യുദ്ധത്തില്‍, നമ്മുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിര്‍ത്തി ഒരുമിച്ച് നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്, ഒപ്പം ആളുകളെ ഒരുമിച്ച് ചേര്‍ക്കുകയും ഭയമില്ലാത്ത സ്വതന്ത്രമായ ഒരു അന്തരീക്ഷം നമ്മള്‍ സൃഷ്ടിക്കേണ്ടതായുമുണ്ട്, പ്രിയങ്ക കത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നടപടികള്‍ സര്‍ക്കാരില്‍ നിന്നും ഉണ്ടാകണമെന്നും ഈ പോരാട്ടത്തില്‍ ഞങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും പ്രിയങ്ക പറഞ്ഞു.

അതിനിടെ യു.പിയില്‍ ലോക്ക് ഡൗണ്‍ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പതിനൊന്ന് ലക്ഷം ആളുകള്‍ക്ക് ആയിരം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ രംഗത്തെത്തിട്ടുണ്ട്.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യു.പിയിലെ 15 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിരിക്കുകയാണ്.

തലസ്ഥാനമായ ലഖ്നൗ, ആഗ്ര, നോയിഡ, കാണ്‍പൂര്‍, മീററ്റ്, ഗൗതം ബുദ്ധനഗര്‍, ഫിറോസാബാദ്, ബറേലി, ഷാംലി, ഗാസിയാബാദ്, സഹരാന്‍പൂര്‍, വാരാണസി, ബുലന്ദ്ശ്വര്‍, മഹാരാജ്ഗന്‍ജ്, സീതാപൂര്‍, ബാസ്തി എന്നിവടങ്ങളാണ് പൂര്‍ണ്ണമായി അടച്ചത്.

ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 വരെയാണ് ജില്ലകള്‍ പൂര്‍ണമായും അടച്ചിടുക. അവശ്യസേവനങ്ങള്‍ക്കായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ അനുവദിച്ച പാസുകള്‍ പുനപരിശോധനയ്ക്ക് വിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കൊവിഡ് 19 പ്രതിരോധ നടപടികള്‍ തുടങ്ങിയ ശേഷം ഇത്രയും ജില്ലകള്‍ ഒരു സംസ്ഥാനം പൂര്‍ണ്ണമായി അടയ്ക്കുന്നത് ഇതാദ്യമായാണ്.

ദേശീയ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും അവശ്യ സര്‍വ്വീസുകള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം പൂര്‍ണ്ണമായി അടച്ചുകൊണ്ടുള്ള നടപടിയാണ് യു.പി സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more