അഹമ്മദാബാദ്: വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയവരോട് വോട്ടര്‍മാര്‍ ചോദ്യങ്ങളുന്നയിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാഗ്ദാനം ചെയ്ത ജോലി എവിടെയെന്നും നല്‍കാമെന്നു പറഞ്ഞ 15 ലക്ഷം എവിടെയെന്നും നിങ്ങള്‍ ചോദിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
എവിടെ നോക്കിയാലും ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു. ഓരോ പൗരനും ജാഗരൂകരായിരിക്കണം. ഈ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ എന്താണ് തെരഞ്ഞെടുക്കുന്നതെന്ന് ചിന്തിക്കണം. നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് സ്വന്തം ഭാവിയെത്തന്നെയാണ്. അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടരുത്. എങ്ങനെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും, എങ്ങനെ സ്ത്രീസുരക്ഷ ഉറപ്പു വരുത്താം, കര്‍ഷകര്‍ക്കായി എന്തു ചെയ്യാനാകും തുടങ്ങിയ വിഷയങ്ങളാകണം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തേണ്ടതെന്നും അതാണ് ശരിയായ രാജ്യസ്‌നേഹമെന്നും ഗുജറാത്തിലെ പൊതുയോഗത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read Also : പി.ജയരാജന്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ കെ.സുധാകരന്‍ രക്ഷപ്പെടുന്നത് എന്തുകൊണ്ട്?
58 വര്‍ഷത്തിനു ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരുന്നത്. പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ പ്രവര്‍ത്തക സമിതിയാണിത്. ഇന്ധിര ഇന്ധിര എന്ന വിളിച്ചു കൂവിക്കൊണ്ടായിരുന്നു പ്രിയങ്കയെ പ്രവര്‍ത്തകര്‍ വരവേറ്റത്.
ഗാന്ധിജി പഠിപ്പിച്ച സ്‌നേഹത്തിന്റെ രാഷ്ട്രീയവും മോദിയുടെ വിദ്വേഷ രാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.
റഫാല്‍ അഴിമതി ആരോപണം ആവര്‍ത്തിച്ച രാഹുല്‍ നീരവ് മോദിയടക്കമുള്ള കള്ളപ്പണക്കാര്‍ നരേന്ദ്രമോദിയുടെ മാര്‍ക്കറ്റിങ് ടീമാണെന്ന് പരിഹസിച്ചു.
പൊതുസമ്മേളനത്തില്‍ പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.