| Thursday, 4th July 2019, 9:32 am

'വളരെ ചുരുക്കം ചിലര്‍ക്കേ ഈ ധൈര്യം കാണൂ'; രാഹുലിന്റെ രാജിക്ക് പ്രിയങ്കയുടെ പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നു രാജിവെച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വദ്ര. വളരെ ചുരുക്കം ചിലര്‍ക്കേ രാഹുല്‍ ചെയ്തതുപോലെ ചെയ്യാന്‍ ധൈര്യമുണ്ടാകൂവെന്നും ഈ തീരുമാനത്തെ ആദരവോടെ കാണുന്നുവെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് രാഹുല്‍ ഇന്നലെ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു. കത്ത് ട്വിറ്ററിലൂടെ അദ്ദേഹം പുറത്തുവിടുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.

‘കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണ്. തന്റെ വീഴ്ചകള്‍ അംഗീകരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടാണ് ഞാന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണം’- രാഹുല്‍ പറയുന്നു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പുതിയ അധ്യക്ഷനെ തീരുമാനിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതിനുപിന്നാലെ ട്വിറ്ററിലെ തന്റെ ബയോ രാഹുല്‍ തിരുത്തുകയും ചെയ്തു. എ.ഐ.സി.സി പ്രസിഡന്റ് എന്ന ബയോ തിരുത്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം, പാര്‍ലമെന്റ് മെമ്പര്‍ എന്നാണ് പുതിയ ബയോ ആയി ചേര്‍ത്തിരിക്കുന്നത്.

പ്രവര്‍ത്തകസമിതി രാഹുല്‍ ഗാന്ധിയുടെ രാജി സ്വീകരിച്ചിട്ടില്ലെങ്കിലും പുതിയ കോണ്‍ഗ്രസ് അധ്യക്ഷനായുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായിട്ടുണ്ട്. രാഹുലിന്റെ ആവശ്യപ്രകാരം യുവനേതാക്കളെയടക്കം പരിഗണിച്ചാണ് ഇപ്പോള്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നത്. നെഹ്റു കുടുംബത്തില്‍ നിന്ന് ആരും അധ്യക്ഷസ്ഥാനത്തേക്കു വരില്ലെന്നു രാഹുല്‍ വ്യക്തമാക്കിയതോടെ പ്രിയങ്കാ ഗാന്ധിയുടെ പേര് തത്കാലം ചര്‍ച്ചകളില്‍ ഉയര്‍ന്നേക്കില്ല.

എന്നാല്‍ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായ ആരെയെങ്കിലും സ്ഥാനത്തേക്കു കൊണ്ടുവരാനാണു സാധ്യതയാണു കൂടുതല്‍. കോണ്‍ഗ്രസ് മുന്‍ ലോക്സഭാ കക്ഷി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരെയാണ് അധ്യക്ഷസ്ഥാനത്തേക്കു പ്രധാനമായും പരിഗണിക്കുന്നത്.

കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഷിന്‍ഡെ, നെഹ്റു കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. യു.പി.എ സര്‍ക്കാരില്‍ റെയില്‍വെ, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഖാര്‍ഗെയാകട്ടെ, സോണിയാ ഗാന്ധിയുടെ വിശ്വസ്തനാണ്.

ഇനി യുവത്വത്തിലേക്കാണ് ചര്‍ച്ച നീളുന്നതെങ്കില്‍, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരിലാര്‍ക്കെങ്കിലുമാകും സാധ്യത.

അടുത്ത പ്രവര്‍ത്തകസമിതി ചേരുന്നതിനു മുന്‍പുതന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തേക്കും. അധ്യക്ഷനെച്ചൊല്ലിയുള്ള തീരുമാനം വൈകരുതെന്ന രാഹുലിന്റെ നിര്‍ദേശമാണ് ഇതിനു കാരണം. ഈവര്‍ഷം അവസാനം രാജ്യത്തെ നാലു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃത്വത്തിലെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത്.

നേരത്തേ മോത്തിലാല്‍ വോറയെ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനാക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അങ്ങനെയുണ്ടായിട്ടില്ലെന്നു വ്യക്തമാക്കി എ.ഐ.സി.സി തന്നെ രംഗത്തെത്തിയിരുന്നു. തന്നെ ഇടക്കാല അധ്യക്ഷനാക്കിയെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് തനിക്ക് അറിവൊന്നുമില്ലെന്ന് മോത്തിലാല്‍ വോറയും പ്രതികരിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more