| Thursday, 2nd May 2019, 8:37 am

'ഭയന്നിരുന്നെങ്കില്‍ ഞാന്‍ വീട്ടിലിരുന്നേനെ, നല്ലതിനുവേണ്ടിയാണു രാഷ്ട്രീയത്തിലിറങ്ങിയത്, ഇവിടെത്തന്നെ ഉണ്ടാവുകയും ചെയ്യും'- പ്രിയങ്കാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സലോണ്‍ (യു.പി): വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരിക്കുന്നില്ലെന്ന തീരുമാനം താന്‍ ഭയപ്പെട്ടതുകൊണ്ട് എടുത്തതല്ലെന്നും പാര്‍ട്ടി തീരുമാനമാണെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. താന്‍ ഭയന്നിരുന്നെങ്കില്‍ വീട്ടിലിരിക്കുമായിരുന്നെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനും തന്റെ സഹോദരനുമായ രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രചാരണം നടത്തവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു പ്രിയങ്ക.

‘പ്രിയങ്കാ ഗാന്ധി ഭയപ്പെട്ടിരുന്നെങ്കില്‍ അവര്‍ വീട്ടിലിരുന്നേനെ. രാഷ്ട്രീയത്തില്‍ ഇറങ്ങില്ലായിരുന്നു. നല്ലതിനുവേണ്ടിയാണു ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. അവിടെത്തന്നെ ഉണ്ടാവുകയും ചെയ്യും.’- പ്രിയങ്ക പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരേ മത്സരിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ചിരുന്നെങ്കിലും ഒടുവില്‍ കഴിഞ്ഞതവണ മത്സരിച്ച അജയ് റായിയെ തന്നെ കോണ്‍ഗ്രസ് ഇത്തവണയും സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. തുടര്‍ന്നു പ്രിയങ്ക പിന്മാറിയതിനെതിരേ വ്യാപക വിമര്‍ശനവും ഉയര്‍ന്നു.

എല്ലാ സ്ഥാനാര്‍ഥികളും തന്നെ അവരവരുടെ മണ്ഡലത്തിലേക്കു വിളിക്കുകയാണ്. അവരെ എനിക്കു നിരാശപ്പെടുത്താനാവില്ല. വാരാണസിയില്‍ മത്സരിച്ചിരുന്നെങ്കില്‍ ഞാന്‍ ആ മണ്ഡലത്തില്‍ ഒതുങ്ങിപ്പോയേനെയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more