| Thursday, 26th November 2020, 2:54 pm

കര്‍ഷകരുടെ ശബ്ദം കേള്‍ക്കുന്നതിനുപകരം തണുപ്പത്ത് ജലപീരങ്കി ഉപയോഗിച്ച് അവരെ ഓടിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രം; പ്രതിഷേധവുമായി പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

കര്‍ഷകരുടെ ശബ്ദം കേള്‍ക്കുന്നതിനുപകരം തണുത്ത കാലാവസ്ഥയില്‍ അവരെ ഓടിക്കാന്‍ ബി.ജെ.പി സര്‍ക്കാരുകള്‍ ജലപീരങ്കികള്‍ ഉപയോഗിക്കുകയാണെന്നും അങ്ങേയറ്റം ദു:ഖകരമാണ് ഇതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ശബ്ദം കേള്‍ക്കുന്നതിന് പകരം, ബി.ജെ.പി സര്‍ക്കാര്‍ ഈ തണുത്ത കാലാവസ്ഥയില്‍ അവരെ ഓടിക്കാന്‍ ജലപീരങ്കി ഉപയോഗിക്കുകയാണ്.

മുതലാളിമാര്‍ക്ക് ബാങ്കുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വായ്പ എഴുതിത്തള്ളല്‍ എന്നിങ്ങനെ സഹായങ്ങള്‍ വാരിക്കോരി നല്‍കുമ്പോള്‍ കര്‍ഷകരില്‍ നിന്നും എല്ലാം കേന്ദ്രം അപഹരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ‘ദല്‍ഹി ചലോ’ മാര്‍ച്ച് വിവിധിയിടങ്ങളിലായി പൊലീസ് തടയുകയാണ്. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് ഹരിയാന പൊലീസ് കര്‍ഷകരെ നേരിട്ടത്.

നേരത്തെ തന്നെ കര്‍ഷക മാര്‍ച്ചിനെ തടയാന്‍ പൊലീസ് ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡും ലോറികളില്‍ മണ്ണും എത്തിച്ചിരുന്നു.

അതേസമയം ഏത് വിധേനയും അതിര്‍ത്തി കടന്ന് ദല്‍ഹിയിലെത്താനാണ് കര്‍ഷകരുടെ തീരുമാനം. വിജയം കാണാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍ പറയുന്നത്. രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ ചലോ ദല്‍ഹി മാര്‍ച്ചുമായി ദല്‍ഹിയില്‍ എത്തിച്ചേരുക. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500-ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Priyanka Gandhi Vadra on Kisan Rally: Instead of listening to farmers’ voice, BJP using water cannon to disperse them

We use cookies to give you the best possible experience. Learn more