| Wednesday, 13th March 2019, 10:13 am

മോദിയുടെ തട്ടകത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി; 'ഇന്ദിരാ ഗാന്ധി സിന്ദാബാദ് 'എന്ന മുദ്രാവാക്യവുമായി ജനങ്ങളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ മോദിയെ കടന്നാക്രമിച്ചുകൊണ്ട് കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് മോദി പയറ്റുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്ക പ്രസംഗം ആരംഭിച്ചത്.

ഗാന്ധി നഗറില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രിയങ്കയെ പ്രസംഗിക്കാനായി ക്ഷണിച്ചപ്പോള്‍ ഇന്ദിരാഗാന്ധി സിന്താബാദ് എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തകര്‍ എതിരേറ്റത്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം പോലും പാലിക്കാന്‍ തയ്യറാവാത്ത ആളാണ് നരേന്ദ്ര മോദിയെന്ന് പ്രിയങ്ക പറഞ്ഞു. മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണെന്നും ജനങ്ങള്‍ അത് മനസിലാക്കിക്കഴിഞ്ഞെന്നും പ്രിയങ്ക വ്യക്തമാക്കി.
“” എനിക്ക് ഒരു കാര്യം മാത്രമാണ് നിങ്ങളോട് ആവശ്യപ്പെടാനുള്ളത്. എന്ത് തീരുമാനമെടുക്കുന്നതിന് മുന്‍പും നിങ്ങള്‍ ആലോചിക്കണം. നിങ്ങള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയവരുണ്ട്. രണ്ട് കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞിട്ട് എന്താണ് സംഭവിച്ചത് എന്ന് അവരോട് ചോദിക്കണം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുമെന്ന് പറഞ്ഞ 15 ലക്ഷം രൂപയ്ക്ക് എന്തുസംഭവിച്ചെന്നും നിങ്ങള്‍ ചോദിക്കണം.


അമേരിക്കന്‍ നയതന്ത്രജ്ഞര്‍ രാജ്യം വിടണമെന്ന അന്ത്യ ശാസനവുമായി വെനസ്വേല; രാജ്യം പട്ടിണിയിലേയ്ക്ക്, വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ല


സമാധാനത്തിന്റെ സന്ദേശം നമുക്ക് പകര്‍ന്ന ഗാന്ധിജിയുടെ നാടാണ് ഇത്. ഇതേ മണ്ണില്‍ നിന്നും നമ്മള്‍ നമ്മുടെ ശബ്ദമുയര്‍ത്തി തുടങ്ങണം. സ്വന്തം ശീലങ്ങളെ കുറിച്ച് പറഞ്ഞുനടക്കുന്നവര്‍ക്ക് ഈ രാജ്യത്തിന്റെ സ്വഭാവം എന്താണെന്ന് നിങ്ങള്‍ കാണിച്ചുകൊടുക്കണം.

ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ നിറം സത്യവും ധര്‍മവുമാണ്. സ്‌നേഹത്തിന്റേയും അനുകമ്പയുടേയും അന്തരീക്ഷമാണ് നമ്മുടെ രാജ്യത്തുള്ളത്. എന്നാല്‍ ഇന്ന് അതാണോ അവസ്ഥ? ഇന്ന് നമ്മുടെ രാജ്യത്തിന്റെ ഗതി ആകെ മാറിയിരിക്കുന്നു. ഓരോരുത്തരുടേയും അവകാശങ്ങളേക്കാള്‍ വലുതല്ല ഒരു ദേശഭക്തിയും.

നിങ്ങളുടെ ബോധം ഒരു ആയുധമാണ്, നിങ്ങളുടെ വോട്ട് ഒരു ആയുധമാണ്. എന്നാല്‍ മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ഈ ആയുധം ഉപയോഗിക്കാറില്ല. ആ ആയുധം നിങ്ങളെ സ്വയം ശാക്തീകരിക്കാനുള്ളതാണ്. ഈ തെരഞ്ഞെടുപ്പില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് നിങ്ങള്‍ ദീര്‍ഘമായി ചിന്തിക്കണം. ആരെ തെരഞ്ഞെടുക്കണമെന്ന് നിങ്ങള്‍ ആലോചിച്ചേ തീരൂ. കാരണം നിങ്ങള്‍ തെരഞ്ഞെടുക്കാന്‍ പോകുന്നത് നിങ്ങളുടെ ഭാവിയാണ് -പ്രിയങ്ക പറഞ്ഞു.

ഇന്ന് നമ്മള്‍ നടത്തുന്ന പോരാട്ടം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമര കാലത്ത് നടത്തിയതിനേക്കാള്‍ വലുതാണ്. “” നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഏത് ദിശയിലേക്ക് നോക്കിയാലും അവിടെയെല്ലാം വെറുപ്പിന്റെ പ്രചരണങ്ങള്‍ ചിലര്‍ നടത്തുന്നത് കാണാം. ഇത്തരം ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്നതായിരിക്കണം മറ്റെന്തിനേക്കാള്‍ വലുത്. അതിനായി നാം ഒന്നിച്ചു നില്‍ക്കണം- പ്രിയങ്ക പറഞ്ഞു.

We use cookies to give you the best possible experience. Learn more