ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെ തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും നിരാശ പൂണ്ട ഉത്തര്‍പ്രദേശില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പുനസംഘടന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ കമ്മറ്റികളെല്ലാം കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു. ഇതിന് ശേഷമാണ് പ്രിയങ്ക പുനസംഘടന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
പാര്‍ട്ടി നേതൃത്വത്തിലേക്ക് പുതുരക്തങ്ങളെയും അതേ പോലെ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും കൊണ്ട് വരാനാണ് പ്രിയങ്കയുടെ പദ്ധതി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഭാരവാഹികളെയും പ്രൊഫഷണല്‍സിനെയും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ തേടി. ജില്ലാ കമ്മറ്റികളില്‍ പകുതിയോളം പേരെങ്കിലും 40 വയസ്സിന് താഴെയുള്ളവരായിരിക്കണമെന്ന് പ്രിയങ്ക നിര്‍ദേശം നല്‍കി.
ജില്ലാ കമ്മറ്റികളില്‍ കൂടുതല്‍ സ്ത്രീ അംഗങ്ങളും ദളിത്-ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരും ഉണ്ടാവണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടതായി ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പ്രിയങ്കയുടെ മേല്‍നോട്ടത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും തെരഞ്ഞെടുത്ത കുറച്ച് നേതാക്കളും അടങ്ങിയ നാല് അംഗ ടീമുകളാണ് തെരഞ്ഞെടുപ്പ് ഫലത്തെ പരിശോധിക്കുന്നത്.