ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ബുധനാഴ്ച തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മടങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയും ക്യാമ്പെയ്ന്‍ സാമഗ്രികളും വിതരണം ചെയ്യുന്നതിന്റെ വീഡിയോയാണ് കോണ്‍ഗ്രസ് പങ്കുവെച്ചിരിക്കുന്നത്.
‘ബി.ജെ.പിയുടെ റാലി കഴിഞ്ഞ് മടങ്ങി വരുന്ന പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയോട് തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയും ‘ലഡ്കി ഹൂം ലഡ് സക്തി ഹൂം’ ക്യാമ്പെയ്‌ന്റെ സാമഗ്രികളും ചോദിച്ചു വാങ്ങുന്നു. ഇവര്‍ പ്രിയങ്കയ്‌ക്കൊപ്പം സെല്‍ഫിയുമെടുത്തു,’ എന്ന കുറിപ്പോടെയാണ് കോണ്‍ഗ്രസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ അന്തരീക്ഷം വ്യക്തമാവാന്‍ ഈ വീഡിയോ മാത്രം മതിയെന്നും കോണ്‍ഗ്രസ് പറയുന്നു.
വീഡിയോയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വാങ്ങാന്‍ തിരിക്ക് കൂട്ടുന്നതും മറ്റുമാണുള്ളത്. എല്ലാവര്‍ക്കും പ്രകടനപത്രിക ലഭിക്കുമെന്നും തിരിക്ക് കൂട്ടാതെ നില്‍ക്കാനും ബി.ജെ.പി പ്രവര്‍ത്തകര്‍ മറ്റുള്ളരോട് പറയുന്നുമുണ്ട്.
പ്രിയങ്ക ഗാന്ധിക്കാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിന്റെ ചുമതല. 2019 മുതല്‍ പാര്‍ട്ടിയെ അടിത്തട്ടില്‍ നിന്നും വളര്‍ത്തിയെടുക്കുന്നതിനായാണ് പ്രിയങ്കയെ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ നിയമിച്ചിരിക്കുന്നത്.
മറ്റൊരു പാര്‍ട്ടിയുമായി സഖ്യമില്ലാതെ ഒറ്റയ്ക്കാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്
അതേസമയം, കോണ്‍ഗ്രസ് അധികാരത്തിലെത്തിയല്‍ മുഖ്യമന്ത്രി താനായേക്കാം എന്നുള്ള സൂചനകള്‍ പ്രിയങ്ക നേരത്തെ നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി അഖിലേഷിന് കീഴിലും ബി.ജെ.പി യോഗി ആദിത്യനാഥിന് കീഴിലും മത്സരത്തിനിറങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘യു.പിയില്‍ കോണ്‍ഗ്രസിന്റെ മുഖമായി നിങ്ങള്‍ മറ്റാരെയെങ്കിലും കാണുന്നുണ്ടോ’ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
എന്നാല്‍ കൃത്യമായ ഉത്തരത്തിനായി മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ക്ക് എന്റ മുഖം കാണാനാവുന്നില്ലേ?’ എന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രിയങ്ക തിരിച്ച് ചോദിക്കുകയായിരുന്നു.
ഇതുവരെ ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതിരുന്ന പ്രിയങ്ക താനിപ്പോള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ നൂറ് ശതമാനം സജ്ജമായി എന്നാണ് വ്യക്തമാക്കുന്നത്.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാവാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നോ ജയിക്കണമെന്നോ നിര്‍ബന്ധമില്ല. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാലും മുഖ്യമന്ത്രിയാകാന്‍ സാധിക്കും.
നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഇത്തരത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്നുമാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ രണ്ട് പേരും ഇലക്ഷനില്‍ മത്സരിക്കുന്നുണ്ട്.
ഇത്തവണത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 40 ശതമാനം യുവാക്കളും 40 ശതമാനം വനിതകളുമാണ്. ഉന്നാവോ പെണ്‍കുട്ടികളുടെ അമ്മയും ഇത്തവണ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ട്.
ചരിത്രപരമായ നീക്കത്തിലൂടെ സംസ്ഥാനത്ത് ഒരു പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Content Highlight: Priyanka Gandhi Vadra distributing campaign materials to BJP workers, video