ന്യൂദല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലെന്നും ഉത്തരേന്ത്യക്കാര്‍ക്ക് ജോലി കിട്ടാത്തത് ഗുണമേന്മ ഇല്ലാത്തതുകൊണ്ടാണെന്നുമുള്ള കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്‌കുമാര്‍ ഗംഗ്വാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്.
‘താങ്കളുടെ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് അഞ്ചു വര്‍ഷത്തലേറെയായി. പുതുതായി ഒരു തൊഴില്‍മേഖലയും തുറക്കപ്പെട്ടിട്ടില്ല. ഉള്ള ജോലികള്‍ തന്നെ സര്‍ക്കാരുണ്ടാക്കിയ സാമ്പത്തികത്തതകര്‍ച്ചയെ തുടര്‍ന്ന് ഇല്ലാതായിപോയി. ഉത്തരേന്ത്യക്കാരെ അപമാനിച്ചുകൊണ്ട് ഇതില്‍ നിന്നെല്ലാം താങ്കള്‍ ഒളിച്ചോടുകയാണ്’.- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശനിയാഴ്ചയാണ് ബറേലിയില്‍ നടന്ന ഒരു ചടങ്ങില്‍ കേന്ദ്രമന്ത്രി ഉത്തരേന്ത്യക്കാരെക്കുറിച്ച് പരാമര്‍ശം നടത്തിയത്. രാജ്യത്ത് ഒരു മേഖലയിലും തൊഴില്‍ നഷ്ടം ഇല്ലെന്നും ഉത്തരേന്ത്യയില്‍ നിന്നും വരുന്നവര്‍ ഗുണമേന്‍മ ഇല്ലാതെ ഉയര്‍ന്നജോലികള്‍ ചോദിക്കുകയുമാണെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ ഓട്ടോമൊബൈല്‍ വ്യവസായമേഖലയില്‍ 3.5 ലക്ഷം പേരുടെ തൊഴിലാണ് നഷ്ടപ്പെട്ടത്. ധനമന്ത്രി ആശ്വാസ നടപടികള്‍ സ്വീകരിച്ചെങ്കിലും ഇപ്പോഴും മേഖല പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം യാത്രക്കാര്‍ ഊബറും ഒലയും അടക്കമുള്ള ഓണ്‍ലൈന്‍ സര്‍വീസുകള്‍ ഉപയോഗിക്കുന്നതാണെന്ന് പറഞ്ഞിരുന്നു.