| Friday, 1st November 2019, 2:42 pm

വാട്‌സ് ആപ്പ് ചോര്‍ത്തല്‍; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ആക്ടിവിസ്റ്റുകളെയും ജേണലിസ്റ്റുകളെയും ഉന്നംവെച്ച് ഇസ്രഈലി കമ്പനി ചാരപ്രവര്‍ത്തനം നടത്തിയിരുന്നെന്ന് വാട്സ്ആപ്പിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയക്കാരുടെയും ഫോണിലേക്ക് അനാവശ്യമായി ഇടപെടാന്‍ ബി.ജെ.പിയോ സര്‍ക്കാരോ ഇസ്രഈലി ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ ഇത് മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനവും ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ അഴിമതിയുമാണ്. സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു, ”പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ആക്ടിസ്റ്റുകളെയും ജേണലിസ്റ്റുകളെയും ഉന്നംവെച്ച് ഇസ്രഈലി കമ്പനി ചാരപ്രവര്‍ത്തനം നടത്തിയിരുന്നെന്ന് വാട്‌സ്ആപ്പ് വെളിപ്പെടുത്തിയിരുന്നു. മെയ് വരെ ഇന്ത്യന്‍ യൂസര്‍മാരെയും ചാരന്മാര്‍ നിരീക്ഷിച്ചിരുന്നെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

നാലു വന്‍കരകളിലായി 20 രാജ്യങ്ങളിലെ 1,400-ഓളം ഉപഭോക്താക്കളുടെ ഫോണുകളിലാണ് എന്‍.എസ്.ഒ ഗ്രൂപ്പ് എന്ന കമ്പനി നുഴഞ്ഞുകയറിയെന്ന് വാട്സ്ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ജേണലിസ്റ്റുകളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ഇവയൊക്കെ.

വാട്‌സാപ്പിന്റെ വീഡിയോ കോളിങ് സംവിധാനത്തില്‍ കടന്നുകയറിയാണ് ഫോണിലേക്ക് വൈറസ് കടത്തിവിടുന്നതെന്നും അങ്ങനെയാണ് ഹാക്കിങ് നടത്തിയതെന്നുമാണ് വാട്സ്ആപ്പ് പറഞ്ഞത്.ഫോണിലെ മെസ്സേജുകളിലേക്കും ഫോണ്‍കോളുകളിലേക്കും പാസ്വേഡുകളിലേക്കും വൈറസ് കടത്തിവിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.

ഇസ്രഈലി കമ്പനിക്കെതിരെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോടതിയില്‍ വാട്സ്ആപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മെക്‌സിക്കോ, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങി 20 രാജ്യങ്ങളിലാണ് ഈ ഹാക്കിങ് നടന്നതെന്നായിരുന്നു വാട്സ്ആപ്പ് ആദ്യം അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more