| Monday, 8th June 2020, 11:17 pm

'പ്രിയങ്ക ഗാന്ധി പ്രത്യേക ട്രെയിന്‍ ഒരുക്കി'; 1600 അതിഥി തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലെത്തിയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒരുക്കിയ ബസ്സുകളുടെ സര്‍വ്വീസുകള്‍ യു.പി സര്‍ക്കാര്‍ തടഞ്ഞെങ്കിലും പ്രത്യേക ട്രെയിന്‍ സേവനം ലഭ്യമാക്കിയെന്ന് കോണ്‍ഗ്രസ്. ഈ സേവനത്തിലൂടെ 1600 തൊഴിലാളികളെ ഉത്തര്‍പ്രദേശിലെത്തിക്കാന്‍ സാധിച്ചതായും കോണ്‍ഗ്രസ് പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് ലോക്ഡൗണ്‍ കാലത്ത് തുടര്‍ച്ചയായി ഞങ്ങളെ ബന്ധപ്പെട്ട് കൊണ്ടിരുന്നു. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ തൊഴിലാളികളുടെ യാത്ര, ഭക്ഷണം തുടങ്ങിയ അവരുടെ ആവശ്യങ്ങളെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് മഹാരാഷ്ട്ര ഉപാദ്ധ്യക്ഷന്‍ സുരജ് സിങ് താക്കൂര്‍ പറഞ്ഞു.

യു.പിയിലെ സുല്‍ത്താന്‍പൂര്‍, പ്രതാപ്ഗര്‍,റായ്ബറേലി, ഗോരക്പൂര്‍, ഗോണ്ട, ബസ്തി എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തൊഴിലാളികളുടെ പട്ടിക മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകത്തിന് നല്‍കുകയായിരുന്നുവെന്ന് സുരജ് സിങ് താക്കൂര്‍ പറഞ്ഞു.

മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം ഇവര്‍ക്ക് വേണ്ടി പ്രത്യേക ട്രെയിന്‍ സേവനം ലഭ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്‌വാദും താനും തൊഴിലാളികളോട് ലോക്മാന്യ തിലക് ടെര്‍മിനസില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു.

മുംബൈയില്‍ നിന്ന് മെയ് 31ന് പുറപ്പെട്ട ട്രെയിന്‍ ജൂണ്‍ ഒന്നിന് ലഖ്‌നൗവില്‍ എത്തിച്ചേര്‍ന്നുവെന്നും സുരജ് സിങ് താക്കൂര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ബസ്സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു ജയിലിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more