| Sunday, 16th February 2020, 4:53 pm

പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്?; കോണ്‍ഗ്രസിനകത്തെ ആലോചനകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് രണ്ട് കാര്യങ്ങള്‍ക്ക് ഒരുങ്ങുകയാണ്. പുന: സംഘടനക്കും രാജ്യസഭ സീറ്റ് നികത്തലിനുമാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

മുതിര്‍ന്ന നേതാക്കളും രാജ്യസഭ അംഗങ്ങളുമായ അംബിക സോണി, ഗുലാം നബി ആസാദ്, ദിഗ്‌വിജയ് സിങ് എന്നിവരുടെ കാലാവധി പൂര്‍ത്തിയാകാന്‍ പോകുകയാണ് രാജ്യസഭയില്‍. ഇവര്‍ക്ക് പകരം പുതിയ അംഗങ്ങളെ രാജ്യസഭയിലേക്ക് എത്തിക്കേണ്ടതുണ്ട്. അതാരൊക്കെ എന്ന ആലോചനകളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അതിനിടയിലാണ് പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ പരന്നിരിക്കുന്നത്.

ചത്തീസ്ഗഡില്‍ നിന്ന് പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്കെത്തും എന്നാണ് അഭ്യൂഹം. ചത്തീസ്ഗഡ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രിയങ്കക്ക് രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പക്ഷെ കോണ്‍ഗ്രസിനറിയാം പ്രിയങ്ക രാജ്യസഭയിലെത്തുക എന്ന കാര്യം ഇരുതലമൂര്‍ച്ചയുള്ള വിഷയമാണെന്ന്. ഗുണവും ദോഷവും കോണ്‍ഗ്രസ് അതില്‍ കാണുന്നു.

ഗുണമെന്നത് രാഹുല്‍ ഗാന്ധി ലോക്‌സഭയിലും പ്രിയങ്ക ഗാന്ധി രാജ്യസഭയിലും ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ പോരാട്ടം നയിക്കുക എന്നതാണ്. അതേ സമയം തന്നെ ദോഷമായി കാണുന്നത് ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഉണ്ടാക്കിയ നേട്ടം മുഴുവനും ഇല്ലാതാവുമെന്നും രാഷ്ട്രീയമായി വലിയ കൊടുക്കേണ്ടി വരുമെന്നുള്ളതാണ്.

പ്രിയങ്കയുടെ രാജ്യസഭ പ്രവേശന കാര്യത്തില്‍ കോണ്‍ഗ്രസ് ഇത് വരെ കൃത്യമായ ഒരു തീരുമാനത്തിലെത്തിയിട്ടില്ല എന്നതാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ഗുലാം നബി ആസാദിനെ വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ, കരുണ്‍ ശുക്ല, രണ്‍ദീപ് സിങ് സുര്‍ജേവാല, ഭൂപീന്ദര്‍സിംഗ് ഹൂഡ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

We use cookies to give you the best possible experience. Learn more