|

'മോദി.. നദ്ദ.. നിങ്ങൾക്കെത്രത്തോളം അധഃപതിക്കാൻ സാധിക്കും?'; രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചതിൽ പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിക്കുന്ന ബി.ജെ.പി പോസ്റ്ററിനെതിരെ പ്രിയങ്ക ഗാന്ധി വാധ്ര.
ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പോസ്റ്റ്‌ ചെയ്ത പ്രകോപനകരമായ പോസ്റ്ററിനോട് നരേന്ദ്ര മോദിയും ജെ.പി. നദ്ദയും യോജിക്കുന്നുണ്ടോ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

‘ശ്രീ. നരേന്ദ്ര മോദി, ശ്രീ. ജെ.പി. നദ്ദ! രാഷ്ട്രീയത്തെയും സംവാദങ്ങളെയും എത്രത്തോളം അധഃപതനത്തിലേക്ക് കൊണ്ടുപോകാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?

നിങ്ങളുടെ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ട്വീറ്റ്‌ ചെയ്ത അക്രമകരവും പ്രകോപനകരവുമായ ട്വീറ്റുകളോട് നിങ്ങൾ യോജിക്കുന്നുണ്ടോ?

നിങ്ങൾ പവിത്രമായ സത്യപ്രതിജ്ഞയെടുത്തിട്ട് അധികം കാലമായിട്ടില്ല. വാഗ്ദാനങ്ങൾ പോലെ സത്യപ്രതിജ്ഞയും നിങ്ങൾ മറന്നോ?’ എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ പ്രിയങ്ക ചോദിച്ചു.

പെരുംനുണയൻ എന്ന അടിക്കുറിപ്പോടെ നരേന്ദ്ര മോദിയുടെ ചിത്രം കോൺഗ്രസ്‌ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി പോസ്റ്റർ പങ്കുവെച്ചത്.
‘ഇതാ പുതുതലമുറയിലെ രാവണൻ. അവൻ ദുഷ്ടശക്തിയാണ്. ധർമത്തിനെതിരാണ്. രാമവിരുദ്ധൻ. അവന്റെ ലക്ഷ്യം ഭാരതത്തെ തകർക്കുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് പത്ത് തലകളുള്ള രാഹുൽ ഗാന്ധിയുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം ബി.ജെ.പി പോസ്റ്റ്‌ ചെയ്തത്.

രാവണൻ, ഒരു കോൺഗ്രസ്‌ പാർട്ടി നിർമാണം, സംവിധാനം ജോർജ് സോറോസ് എന്നായിരുന്നു പോസ്റ്ററിൽ എഴുതിയത്. അമേരിക്കൻ ബിസിനസുകാരനായ ജോർജ് സോറോസ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

ബി.ജെ.പി പോസ്റ്റിനെതിരെ കോൺഗ്രസ്‌ നേതാക്കൾ രംഗത്ത് വന്നിരുന്നു. എ.ഐ.സി.സി ആഹ്വാനപ്രകാരം സംസ്ഥാനത്തെ ഡി.സി.സികളുടെ നേതൃത്വത്തിൽ ഇന്ന് ബി.ജെ.പി ഓഫീസുകളിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും.

CONTENT HIGHLIGHT: Priyanka Gandhi To Narendra Modi Over ‘Ravan’ Poster

Latest Stories