ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനെ കാണാനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്കൂട്ടറില്‍പ്പോയ സംഭവം വീണ്ടും വിവാദമാകുന്നു. സ്കൂട്ടര്‍ ഉടമയ്ക്കെതിരെ നടപടിയെടുത്തുകൊണ്ട് ലഖ്നൗ ട്രാഫിക് പൊലീസാണ് ഈ സംഭവം വീണ്ടും വിവാദമാക്കിയിരിക്കുന്നത്.
സ്കൂട്ടര്‍ ഓടിച്ചിരുന്ന ധീരജ് ഗുജ്ജാറും പിന്നിലിരുന്ന പ്രിയങ്കയും ട്രാഫിക് നിയമം ലംഘിച്ചതായി ട്രാഫിക് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. ഹെല്‍മെറ്റ് ധരിച്ചില്ലെന്ന പേരില്‍ പൊലീസ് സ്കൂട്ടര്‍ ഉടമയായ ഗുജ്ജാറിനോട് പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുവരും ഹെല്‍മെറ്റ് ധരിച്ചില്ലെന്നതാണ് ട്രാഫിക് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനായ എസ്.ആര് ദാരാപുരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയപ്പോഴാണു സംഭവം. ആദ്യം ഇവിടെ കാറിലെത്തിയ പ്രിയങ്കയെ ലഖ്നൗ പൊലീസ് തടയുകയായിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ കഴുത്തില്‍പ്പിടിച്ചു ഞെരിച്ചെന്ന് പ്രിയങ്ക ആരോപിച്ചത് ഏറെ വിവാദമായിരുന്നു.
‘ഞാന്‍ ദാരാപുരിജിയുടെ കുടുംബത്തെ കാണാന്‍ പോകുമ്പോള്‍ യു.പി പൊലീസ് എന്നെ തടഞ്ഞു. അവര്‍ എന്റെ കഴുത്തു ഞെരിച്ചു, കയ്യേറ്റം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകന്റെ ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അവര്‍ എന്നെ വളഞ്ഞു, അതിനുശേഷം ഞാന്‍ അവിടെയെത്താന്‍ നടന്നു,’ പ്രിയങ്ക ഗാന്ധിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ഞാന്‍ എന്തു പറയണം? അവര്‍ എന്നെ റോഡിനു നടുവില്‍ നിര്‍ത്തി. അവര്‍ക്ക് എന്നെ തടയാന്‍ ഒരു കാരണവുമില്ല. എന്തുകൊണ്ടാണ് അവര്‍ ഇതു ചെയ്തതെന്ന് ദൈവത്തിനു മാത്രമേ അറിയൂ,’ അവര്‍ പറഞ്ഞു.
കലാപം നടത്തിയെന്നാരോപിച്ച് കാന്‍സര്‍ രോഗിയായ ദാരാപുരിയെ ലഖ്നൗവിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.