ന്യൂദല്‍ഹി: കൊവിഡ് ചികിത്സയ്ക്കുള്ള റെംഡെസിവര്‍ മരുന്ന് ബി.ജെ.പി ഇടപെട്ട് പൂഴ്ത്തിവെച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
റെംഡെസിവര്‍ രഹസ്യമായി കടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത മരുന്ന് കമ്പനി ഡയറക്ടറും മുംബൈ നിവാസിയുമായ രാജേഷ് ദോകാനിയയ്ക്ക് വേണ്ടി ദേവേന്ദ്ര ഫഡ്നാവിസ് പൊലീസ് സ്റ്റേഷനിലെത്തിയ വീഡിയോയും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.
‘രാജ്യമെമ്പാടുമുള്ള ആളുകള്‍ റെംഡെസിവിര്‍ കുത്തിവയ്പ്പുകള്‍ക്കായി യാചിക്കുകയും അവരുടെ ജീവന്‍ രക്ഷിക്കാന്‍ എങ്ങനെയെങ്കിലും ഒരു കുപ്പി മരുന്ന് ലഭിക്കാന്‍ പാടുപെടുകയും ചെയ്യുമ്പോള്‍, ഒരുകാലത്ത് ഉത്തരവാദിത്ത സ്ഥാനത്ത് ഉണ്ടായിരുന്ന ബി.ജെ.പി നേതാവ് (മുന്‍ മുഖ്യമന്ത്രി) പൂഴ്ത്തിവയ്പ്പ് നടത്തുന്നത് മനുഷ്യരാശിക്കെതിരായ നടപടിയാണ് ”പ്രിയങ്ക ട്വീറ്റ് ചെയ്തു.
കൊവിഡ് ചികിത്സയ്ക്കുള്ള റെംഡെസിവര്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ പൂഴ്ത്തിവെച്ചെന്നാണ് മഹാസ് വികാസ് ആഘാഡിയുടെ ആരോപണം
കേന്ദ്രഭരണപ്രദേശമായ ദമനിലുള്ള ബ്രുക് ഫാര്‍മ കമ്പനി 60,000 പായ്ക്ക് റെംഡെസിവര്‍ പൂഴ്ത്തിവെച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുംബൈ പൊലീസ് വിഷയത്തില്‍ ഇടപെടുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക