ന്യൂദല്‍ഹി: തടഞ്ഞുവെച്ച ഗസ്റ്റ് ഹൗസ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തൂത്തുവാരുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്.
ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയ പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് തന്നെ തടഞ്ഞുവെച്ചിരിക്കുന്ന ഗസ്റ്റ് ഹൗസ് തൂത്തുവാരി പ്രതിഷേധിക്കുന്ന പ്രിയങ്കയുടെ വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ, തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് പ്രിയങ്ക പ്രതികരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
”നിങ്ങള്‍ കൊന്ന ആളുകളേക്കാള്‍ പ്രധാനപ്പെട്ട ആളല്ല ഞാനോ,നിങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരോ നിങ്ങള്‍ എനിക്ക് നിയമപരമായ വാറന്റ് നല്‍കുക, അല്ലെങ്കില്‍ ഞാന്‍ ഇവിടെ നിന്ന് മാറില്ല, നിങ്ങള്‍ എന്നെ തൊടുകയുമില്ല,” പൊലീസുകാര്‍ സീതാപൂരില്‍ വെച്ച് വാഹനം തടഞ്ഞപ്പോള്‍ പ്രിയങ്ക പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം.
ഒരു വാറന്റോ നിയമപരമായ ഉത്തരവോ ഹാജരാക്കുക, അല്ലെങ്കില്‍ താന്‍ ഇവിടെ നിന്ന് മാറുന്നില്ലെന്നും പൊലീസ് തന്നെ കാറില്‍ കയറ്റുകയാണെങ്കില്‍ തട്ടിക്കൊണ്ടുപോകലിന് കേസുകൊടുക്കുമെന്നും പ്രിയങ്ക പറയുന്നുണ്ട്.
ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടംബത്തെ കാണാനെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായത്.
ഇത് കര്‍ഷകരുടെ രാജ്യമാണെന്നും കര്‍ഷകരെ കാണുന്നതില്‍ നിന്ന് എന്തിനു തടയുന്നെന്നും കഴിഞ്ഞ ദിവസം രാത്രി ലഖ്‌നൗവില്‍ എത്തിയ പ്രിയങ്ക ചോദിച്ചിരുന്നു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാവുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പ്രിയങ്കയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ ധൈര്യത്തിന് മുന്‍പില്‍ ഉത്തര്‍പ്രദേശ് ഭരണകൂടം അമ്പരന്നെന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ എഴുതിയത്. എത്ര തന്നെ തടയാന്‍ ശ്രമിച്ചാലും പ്രിയങ്ക പിന്മാറില്ലെന്ന് അറിയാമായിരുന്നെന്നും അറസ്റ്റ് വരിച്ചതില്‍ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
നീതിക്ക് വേണ്ടിയുള്ള അഹിംസാ സമരത്തില്‍ രാജ്യത്തെ അന്നദാതാക്കള്‍ക്ക് അവര്‍ വിജയം നേടികൊടുക്കുമെന്നും രാഹുല്‍ പറഞ്ഞു.