ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന ചിദംബരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സത്യം പറയുന്ന, സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന ധീരനാണ് പി. ചിദംബരമെന്ന് പ്രിയങ്ക പറഞ്ഞു.
നാണംകെട്ട ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നതെന്നും പരിണിത ഫലം എന്തായിരുന്നാലും അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.
‘രാജ്യസഭയിലെ അങ്ങേയറ്റം യോഗ്യതയുള്ള ആദരണീയനായ അംഗമാണ് പി ചിദംബരം. ധനമന്ത്രിയായും ആഭ്യന്തര മന്ത്രിയായും ഒരു പതിറ്റാണ്ട് ആദ്ദേഹം രാജ്യത്തെ വിശ്വസ്തതയോടെ സേവിച്ചു. ഒരു സങ്കോചവും കൂടാതെ ആത്മധൈര്യത്തോടെ ഈ സര്‍ക്കാരിന്റെ ഭരണത്തിലെ വീഴ്ചകളെ അദ്ദേഹം തുറന്നു കാണിക്കുകയും ചെയ്തു.
പക്ഷേ, സത്യം പറയുന്നത് ഭീരുക്കളെ അസഹ്യപ്പെടുത്തും. അതുകൊണ്ടാണ് ഒരു ലജ്ജയുമില്ലാതെ അദ്ദേഹത്തെ വേട്ടയാടുന്നത്. പരിണിത ഫലം എന്തായിരുന്നാലും ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കും.’- പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഐ.എന്‍.എക്സ് മീഡിയ കേസില്‍ ദല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സി.ബി.ഐ ആരംഭിച്ചത്.
ഇതിനോടകം ദല്‍ഹിയിലുള്ള വസതിയില്‍ ചിദംബരത്തെ തേടി മൂന്ന് തവണ സി.ബി.ഐ സംഘം എത്തുകയുണ്ടായി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെ ചിദംബരത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് 10.30 ഓടെ പരിഗണിക്കും.