| Tuesday, 4th August 2020, 6:48 pm

പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന 2022ലെ യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടോ?; യോഗത്തില്‍ ആവശ്യമുയര്‍ന്നത് പ്രിയങ്ക നടപ്പിലാക്കി

ആല്‍ബിന്‍ എം. യു

ലഖ്‌നൗ: ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി അയോധ്യയിലെ ഭൂമിപൂജ മാറട്ടെ എന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ചൊവ്വാഴ്ച വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചത്. കോണ്‍ഗ്രസ് പിന്തുടര്‍ന്നിരുന്ന മതേതര രാഷ്ട്രീയം കയ്യൊഴിഞ്ഞ് മൃദുഹിന്ദുത്വ വഴിയിലേക്ക് പോകുന്നുവോ എന്ന ചോദ്യമാണ് ഉയര്‍ന്നത്. അതേ സമയം പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന 2022ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെ പറയുവാനുള്ള കാരണവും ഉണ്ട്.

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി അടുത്തിടെ നടന്ന യോഗത്തില്‍ പ്രിയങ്ക ഗാന്ധി സംസ്ഥാനത്തെ നേതാക്കളോട് അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. താഴെ തട്ടിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ട ആവശ്യകതയെ കുറിച്ചായിരുന്നു ഭൂരിപക്ഷം നേതാക്കളും സൂചിപ്പിച്ചത്.

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഹിന്ദുത്വ പ്രതിച്ഛായ ബി.ജെ.പിക്ക്  മുന്‍തൂക്കം നല്‍കുന്നുവെന്നും അതിനെ മറികടക്കുവാന്‍ കോണ്‍ഗ്രസ് വലിയ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. രാമക്ഷേത്രത്തെ കുറിച്ചും ഭൂമി പൂജയെ കുറിച്ചും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും സംസ്ഥാനത്ത് തിരികെ വരണമെങ്കില്‍ അത് വളരെ പ്രധാനമാണെന്നും നേതാക്കള്‍ പ്രിയങ്കയോട് ആവശ്യപ്പെട്ടു.

ഇതും നിലവില്‍ സംസ്ഥാനത്തെ ബ്രാഹ്മണ വിഭാഗത്തിന് യോഗി ആദിത്യനാഥ് സര്‍ക്കാരിനോടും ബി.ജെ.പിയോടും ഉള്ള അമര്‍ഷത്തിനെയും തങ്ങള്‍ക്കനുകൂലമാക്കുക എന്ന ലക്ഷ്യവും പ്രിയങ്ക ഗാന്ധിയ്ക്കുണ്ട്. ക്രിമിനല്‍ റെക്കോര്‍ഡില്ലാത്ത അഞ്ച് ബ്രാഹ്മണരെ യു.പി പൊലീസ് വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ചാണ് ഈ അമര്‍ഷം. ബ്രാഹ്മണ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനോട് ഇപ്പോള്‍ കാണിക്കുന്ന അടുപ്പത്തെ ഉറപ്പിക്കുക എന്ന ലക്ഷ്യവും പ്രിയങ്കക്ക് ഇന്നത്തെ പ്രസ്താവനയക്ക് പിന്നിലുണ്ടാവാം. സംസ്ഥാനത്ത് 12 ശതമാനമാണ് ബ്രാഹ്മണ വോട്ടുകളാണുള്ളത്. ഈ വോട്ടുകള്‍ നേരത്തെ കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. ഈ വോട്ടുകള്‍ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ജിതേന്ദ്ര പ്രസാദ് എന്ന നേതാവിനെയാണ് പ്രിയങ്ക ഗാന്ധി കളത്തിലിറക്കിയിരിക്കുന്നത്.

കോണ്‍ഗ്രസിനെതിരെ ന്യൂനപക്ഷ പാര്‍ട്ടിയെന്ന പ്രചരണം ബി.ജെ.പി പലപ്പോഴും നടത്താറുണ്ട്. ഇത് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രതിച്ഛായയില്‍ നിന്ന് മടങ്ങാന്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തില്‍ പലപ്പോഴും ചര്‍ച്ച നടന്നിരുന്നു. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും വിലയിരുത്തലുകളുണ്ട്. ഇക്കുറി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണ് രാമക്ഷേത്ര നിര്‍മ്മാണത്തിലും ഭൂമി പൂജയിലും ആദ്യം അഭിപ്രായം പറഞ്ഞത്. അതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആല്‍ബിന്‍ എം. യു

സൗത്ത്‌ലൈവ് , തല്‍സമയം, ന്യൂസ്‌റെപ്റ്റ് എന്നിവിടങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. തൃശ്ശൂര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം. കേരള പ്രസ്അക്കാദമിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more