| Wednesday, 6th January 2021, 8:24 pm

സ്ത്രീകള്‍ക്ക് സുരക്ഷയുറപ്പാക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണ്; ബദൗറില്‍ അമ്പതുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബദൗര്‍: യു.പിയില്‍ 50 വയസ്സുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ ഒരു പരാജയമാണെന്ന് പ്രിയങ്ക പറഞ്ഞു.

ഹാത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്കും സംഭവിച്ചത് ഇതുതന്നെയാണ്. ആ കുടുംബത്തിന്റെ പരാതി കേള്‍ക്കാന്‍ യോഗി സര്‍ക്കാര്‍ ആദ്യം തയ്യാറായില്ല. ഇന്ന് കൊല്ലപ്പെട്ട അംഗനവാടി ടീച്ചറുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചു, പ്രിയങ്ക പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബദൗര്‍ ജില്ലയിലാണ് അമ്പതുകാരിയായ അംഗനവാടി ടീച്ചറെ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തില്‍ പോയി വരുമ്പോഴായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്.

അംഗനവാടി ജീവനക്കാരിയായിരുന്ന യുവതി ജനുവരി മൂന്നിന് വൈകീട്ടോടെ ക്ഷേത്രത്തില്‍ പോയപ്പോഴായിരുന്നു അക്രമം നടന്നത്.

ക്ഷേത്രത്തിലെ പൂജാരിയും മറ്റ് രണ്ട് പേരും മൃതദേഹവുമായി വീട്ടിലെത്തുകയും തങ്ങള്‍ എന്തെങ്കിലും അങ്ങോട്ട് ചോദിക്കുന്നതിന് മുന്‍പ് അവര്‍ മടങ്ങിപ്പോകുകയായിരുന്നെന്നും യുവതിയുടെ മകന്‍ പറഞ്ഞു.

എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോള്‍, യുവതി കിണറ്റില്‍ വീണതാണെന്നും നിലവിളി കേട്ട് സഹായത്തിനായി തങ്ങള്‍ എത്തിയതാണെന്നുമാണ് പറഞ്ഞത്. തങ്ങള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നെന്നും യുവതിയുടെ ബന്ധുക്കളെ ബന്ധപ്പെടാന്‍ നമ്പര്‍ ഒന്നും ലഭിച്ചില്ലെന്നും അറിയിച്ചു. ക്ഷേത്ര പുരോഹിതനെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നും യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവം നടന്ന ഉടന്‍ തന്നെ പരാതി നല്‍കിയെങ്കിലും കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ പൊലീസ് തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.

സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിയിട്ടുണ്ട്. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ആക്രമണത്തില്‍ ശ്വാസകോശത്തിനും പരിക്കേറ്റു. രക്തസ്രാവം നിയന്ത്രണാതീതമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബദൗര്‍ എസ്.എസ്.പി സങ്കല്‍പ് ശര്‍മ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Priyanka Gandhi Slams Yogi Aditya Nath On Badur Gang Rape
We use cookies to give you the best possible experience. Learn more