| Wednesday, 21st April 2021, 11:39 am

മരുന്നും ഓക്‌സിജനും കിട്ടാതെ ജനങ്ങള്‍ നിലവിളിക്കുമ്പോള്‍ കോമഡി പറയാന്‍ എങ്ങനെ നിങ്ങള്‍ക്ക് കഴിയുന്നു? മോദിയോട് പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്താന്‍ ചാരസംഘടനയുമായി ചര്‍ച്ചയ്ക്ക് സമയം കണ്ടെത്തുന്ന കേന്ദ്രത്തിന് രാജ്യത്തെ കൊവിഡ് പ്രതിസന്ധികളെക്കുറിച്ച് പ്രതിപക്ഷവുമായി സംസാരിക്കാന്‍ തീരെ സമയമില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

‘ഐ.എസ്.ഐയുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം കണ്ടെത്തുന്നുണ്ട്. എന്തുകൊണ്ടാണ് പ്രതിപക്ഷത്തെ ഇങ്ങനെ ഒഴിവാക്കുന്നത്. പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടത്, രോഗവ്യാപനത്തെപ്പറ്റി നടത്തുന്ന ഈ പി.ആര്‍ വര്‍ക്കുകള്‍ കുറയ്ക്കുക എന്നതാണ്. പ്രതിപക്ഷവുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് ഇരിക്കാനും കേന്ദ്രം തയ്യാറാവേണ്ടതുണ്ട്’, പ്രിയങ്ക പറഞ്ഞു.

കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും കേന്ദ്രത്തോടൊപ്പം അണി ചേരുന്നുവെന്ന് പറയുന്നുണ്ടെന്നും അത് മുഖവിലയ്‌ക്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

‘ഓക്‌സിജന്‍ കിട്ടാതെയും മരുന്ന് കിട്ടാതെയും ജനങ്ങള്‍ നിലവിളിക്കുകയാണ്. അപ്പോഴും തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കാനും തമാശകള്‍ പറയാനും മാത്രമേ പ്രധാനമന്ത്രിയ്ക്ക് സമയമുള്ളു. നിങ്ങള്‍ക്ക് ഇത് എങ്ങനെ കഴിയുന്നു’, പ്രിയങ്ക പറഞ്ഞു.

കൊവിഡ് വ്യാപനം കുറയ്ക്കാന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കേന്ദ്രത്തിന് അയച്ച കത്തിനെതിരെ ബി.ജെ.പി മന്ത്രിമാര്‍ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഞ്ച് നിര്‍ദേശങ്ങളടങ്ങിയ കത്തയച്ച് മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയത്. രാജ്യത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് സിംഗ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് മന്‍മോഹന്‍ സിംഗ് കത്തില്‍ പറഞ്ഞിരുന്നു.

കത്തിനു പിന്നാലെ മന്‍മോഹന്‍ സിംഗിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രംഗത്തെത്തിയിരുന്നു.

‘കോണ്‍ഗ്രസുകാരോട് പറയൂ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍. വളരെ നിര്‍ണ്ണായകമായ സമയത്ത് നിങ്ങള്‍ പറഞ്ഞത് കേള്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചിരുന്നെങ്കില്‍ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു,’ ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

മന്‍മോഹന്‍സിംഗ് കത്തില്‍ ചൂണ്ടിക്കാണിച്ച അഞ്ച് നിര്‍ദേശങ്ങളും കത്ത് ലഭിക്കുന്നതിന് ഒരാഴ്ച മുമ്പേ തന്നെ നടപ്പാക്കിക്കഴിഞ്ഞുവെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Priyanka Gandhi Slams Union Government For Not Discussing Covid Crisis

We use cookies to give you the best possible experience. Learn more