ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്നും പ്രതിസന്ധിയില്ലെന്ന നുണ എത്ര തവണ ആവര്‍ത്തിച്ചാലും അത് സത്യമാവില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
‘ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരില്ല. നിലവില്‍ രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ സമ്മതിക്കണം. പ്രതിസന്ധിയെ മറികടക്കാനുള്ള മാര്‍ഗങ്ങളും അവര്‍ സ്വീകരിക്കണം’-പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമാണെന്നും അതിനുത്തരവാദി മോദി സര്‍ക്കാരാനെന്നുമാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പറഞ്ഞിരുന്നു.
രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് അതിവേഗം വളരാനാവുമെന്നും മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇത് സാധിക്കുന്നില്ലെന്നും മന്‍മോഹന്‍സിംഗ് വിമര്‍ശിച്ചിരുന്നു.
‘മോദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ സ്വീകരിച്ച തെറ്റായ നടപടികളാണ് സാമ്പത്തിക മാന്ദ്യത്തിനു കാരണം. ഇത് മനുഷ്യനിര്‍മിതമാണ്.’ മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.
‘ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായത് വരുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. നിര്‍മാണ രംഗം 0.6 ശതമാനം ഇടിഞ്ഞു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ വന്‍ തിരിച്ചടിയായി. ജി.എസ്.ടി വികലമായ നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായി’-മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.