'കോണ്‍ഗ്രസ് നേതാവിനെ അവര്‍ ആദരിക്കുന്നതില്‍ സന്തോഷമുണ്ട്, കാരണം അവര്‍ക്ക് സ്വന്തമായി ഒരു നേതാവില്ലല്ലോ'; ബി.ജെ.പിയുടെ സര്‍ദാര്‍ അനുസ്മരണത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി
ന്യൂദല്‍ഹി: ജന്മദിനത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ആദരക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള നീക്കത്തെ പരിഹസിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് സ്വന്തമായി സ്വാതന്ത്ര്യ സമര പോരാളിയില്ലാത്തതുകൊണ്ടാണ് അവര്‍ കോണ്‍ഗ്രസിന്റെ അടിയുറച്ച പ്രവര്‍ത്തകനായിരുന്ന വല്ലഭായ് പട്ടേലിനെ ആദരിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും പ്രിയങ്ക പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. അദ്ദേഹം ജവഹര്‍ലാല്‍ നെഹ്‌റുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയും തികഞ്ഞ ആര്‍.എസ്.എസ് വിരുദ്ധനുമായിരുന്നു’, പ്രിയങ്കാഗാന്ധി ട്വിറ്ററില്‍ കുറിച്ചു. വല്ലഭായ് പട്ടേലും ജവഹര്‍ലാല്‍ നെഹ്‌റുവും ഒരുമിച്ചുള്ള ഫോട്ടോയും പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
सरदार पटेल कांग्रेस के निष्ठावान नेता थे जो कांग्रेस की विचारधारा के प्रति समर्पित थे। वह जवाहरलाल नेहरू के क़रीबी साथी थे और RSS के सख़्त ख़िलाफ थे। आज भाजपा द्वारा उन्हें अपनाने की कोशिशें करते हुए और उन्हें श्रद्धांजलि देते देख के बहुत ख़ुशी होती है, क्योंकि भाजपा के इस.. 1/2 pic.twitter.com/5yBAsN6VRz
‘സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ സന്ദര്‍ഭോചിതമായി ഉപയോഗിക്കാനും അദ്ദേഹത്തെ ആദരിക്കാനും ബി.ജെ.പി തയ്യാറാവുന്നത് എനിക്ക് സന്തോഷമുണ്ടാക്കുന്നുണ്ട്. കാരണം ഇതില്‍നിന്നും രണ്ട് കാര്യമാണ് വ്യക്തമാവുന്നത്, ഒന്ന്, അവര്‍ക്ക് സ്വന്തമായി അവകാശപ്പെടാന്‍ ഒരു സ്വാതന്ത്ര്യ സമര പോരാളിയുമില്ല. രണ്ട്, സര്‍ദാര്‍ പട്ടേലിനെ ആദരിക്കാന്‍ അദ്ദേഹത്തിന്റെ ശത്രുക്കള്‍ നിര്‍ബന്ധിതരാവുന്നു’, പ്രിയങ്ക ട്വീറ്റ് ചെയ്തു.
രാഷ്ട്രീയ ഏക്താ ദിനമായി രാജ്യമൊട്ടാകം സര്‍ദാര്‍ ജന്മദിനം ആഘോഷിക്കാനാണ് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ ഏകീകരണത്തിന് ഏറ്റവും വലിയ സംഭാവന നല്‍കിയ വ്യക്തിയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും വിലമതിക്കുന്നതാണെന്നും മോദി ഇന്ന് സര്‍ദാര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞിരുന്നു.
‘നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയെ ചാണക്യന്‍ ഐക്യപ്പെടുത്തി. അതിനുശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജഭരണങ്ങളെ ഇന്ത്യന്‍ യൂണിയനുമായി ലയിപ്പിച്ചുകൊണ്ട് ഇതേ നേട്ടം കൈവരിച്ചു. ഇന്ത്യയെപ്പോലെ ബഹുസ്വരതയെ അംഗീകരിക്കുന്ന മറ്റൊരു രാജ്യവും ഇല്ല. സര്‍ദാര്‍ പട്ടേലിന് നല്‍കാവുന്ന ഏറ്റവും മികച്ച ആദരാഞ്ജലിയാണ് നമ്മുടെ ഈ ഐക്യ’മെന്നും മോദി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം താന്‍ സര്‍ദാര്‍ പട്ടേലിന് സമര്‍പ്പിക്കുന്നതായും മോദി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 ഒരു മതിലായിരുന്നു. ആ മതില്‍ ഇപ്പോള്‍ ഇല്ലാതായെന്നും മോദി പറഞ്ഞു.