national news
നിങ്ങളുടെ പ്രധാനമന്ത്രി ഭീരുവാണ്; ഞങ്ങള്‍ കുടുംബവാദികളാണെങ്കില്‍ ശ്രീരാമന്‍ ആരാണ്; ബി.ജെ.പിയെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 26, 08:02 am
Sunday, 26th March 2023, 1:32 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി ഭീരുവാണെന്നും ഹിന്ദു സംസ്‌കാരത്തില്‍ സംഭവിക്കുന്നതു പോലെ രാജാക്കന്മാര്‍ ഒരിക്കല്‍ നിലംപതിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് രാജ്ഭവനു മുന്നില്‍ കോണ്‍ഗ്രസ് നടത്തുന്ന സത്യാഗ്രഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

‘നിങ്ങള്‍ രക്തസാക്ഷിയായ എന്റെ പിതാവിനെ പാര്‍ലമെന്റില്‍ വെച്ച് അവഹേളിച്ചു. അദ്ദേഹത്തിന്റെ മകനെ രാജ്യദ്രോഹി എന്ന് വിളിച്ചു. അച്ഛനാരാണെന്ന് പോലുമറിയില്ലെന്ന് പറഞ്ഞ് നിങ്ങളുടെ മുഖ്യമന്ത്രിമാരിലൊരാള്‍ രാഹുല്‍ ഗാന്ധിയെ അപമാനിച്ചു. ഞങ്ങളുടെ അമ്മയെ അപമാനിച്ചു.

നെഹ്‌റു കുടുംബപ്പേര് പറഞ്ഞ് ഞങ്ങളുടെ കുടുംബത്തെയാകെ നിങ്ങളുടെ പ്രധാനമന്ത്രി അപമാനിച്ചു. പക്ഷേ നിങ്ങള്‍ക്കെതിരെ യാതൊരു കേസുമില്ല. ഒരാളും നിങ്ങളെ അയോഗ്യനാക്കുന്നില്ല, പുറത്താക്കുന്നില്ല.

ഇത്രയൊക്കെ പറഞ്ഞിട്ടും എന്റെ സഹോദരന്‍ ചെയ്തത് നിങ്ങളും കണ്ടുകാണും. നിങ്ങളുടെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച് എന്റെ അനുജന്‍ പറഞ്ഞത് പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുകളുണ്ടെങ്കില്‍ വ്യക്തിപരമായി ദേഷ്യമില്ലെന്നാണ്.

നിങ്ങള്‍ ഞങ്ങളെ കുടുംബവാദികള്‍ എന്ന് വിളിക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കില്‍ ശ്രീരാമന്‍ ആരാണ്? അപ്പോള്‍ ശ്രീരാമനും പാണ്ഡവരും ഒക്കെ അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട കുടുംബവാദികളാണോ? ഞങ്ങളുടെ കുടുംബം രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായതില്‍ ഞങ്ങള്‍ക്ക് നാണക്കേട് തോന്നണം എന്നാണോ?,’ പ്രിയങ്ക പറഞ്ഞു.

ലോകത്തിലെ തന്നെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബിരുദമെടുത്ത രാഹുല്‍ ഗാന്ധിയെ ബി.ജെ.പി മാധ്യമങ്ങളുടെ സഹായത്തോട് പപ്പുവാക്കി മാറ്റിയെന്നും , എന്നാല്‍ അതേ മാധ്യമങ്ങള്‍ തന്നെ പില്‍ക്കാലത്ത് ലക്ഷക്കണക്കിനാളുകള്‍ രാഹുലിനൊപ്പം ചേര്‍ന്ന് നടക്കുന്ന വാര്‍ത്തകള്‍ നല്‍കിയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിക്കെതിരെ കേസ് നല്‍കിയ പൂര്‍ണേഷ് മോദി കേസ് സ്‌റ്റേ ചെയ്തിരുന്നുവെന്നും എന്നാല്‍ അത് വീണ്ടും ഉയര്‍ന്നുവന്നത് രാഹുല്‍ ഗാന്ധി അദാനിക്കെതിരെ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണെന്നും പ്രിയങ്ക വ്യക്തമാക്കി.

‘ഈ രാജ്യത്തെ പ്രധാനമന്ത്രി ഒരു ഭീരുവാണ്. എനിക്കെതിരെയും കേസെടുത്ത് നിങ്ങള്‍ ജയിലിലിട്ടോളൂ. എങ്കിലും ഞാന്‍ ആവര്‍ത്തിക്കും. നിങ്ങളുടെ പ്രധാനമന്ത്രി ഒരു ഭീരുവാണ്. എന്റെ കുടുംബം എന്നോട് പറയാറുണ്ട് ഈ രാജ്യം സംസാരിക്കുന്നത് ഹൃദയം കൊണ്ടാണെന്ന്. ഈ ദിവസം മുതല്‍ രാജ്യത്തിന്റെ സ്ഥിതിഗതികള്‍ എല്ലാം മാറിമറിയും,’ പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlight: Priyanka Gandhi slams BJP and Modi, says your Modi is a coward