| Saturday, 11th January 2020, 2:34 pm

'ഒരു അമ്മയാണ് നിങ്ങള്‍ എങ്കില്‍ ആദ്യം ചെയ്യേണ്ടത് അതായിരുന്നു'; പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ 110 ഓളം ശിശു മരണം സംഭവിച്ചിട്ടും ആശുപത്രി സന്ദര്‍ശിക്കാന്‍ തയ്യാറാവാത്ത പ്രിയങ്കാ ഗാന്ധിയുടെ നടപടിയെ വിമര്‍ശിച്ചായിരുന്നു മായാവതി രംഗത്തെത്തിയത്.

കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും യു.പിയില്‍ എത്തി പ്രിയങ്ക ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും മായാവതി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിനെപ്പോലെയും ബി.ജെ.പിയെപ്പോലെയും ഏതെങ്കിലും ഒരു വിഷയത്തില്‍ ബി.എസ്.പി ഇരട്ടത്താപ്പെടുത്ത് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാറില്ല. ഈ ഇരട്ടത്താപ്പ് കാരണമാണ് അക്രമവും അരാജകത്വവും രാജ്യത്തുടനീളം നിലനില്‍ക്കുന്നതെന്നും മായാവതി പറഞ്ഞു.

”ഇന്നലെ ഈ സാഹചര്യത്തില്‍ പോലും, മറ്റ് പാര്‍ട്ടികളെപ്പോലെ തന്നെ കോണ്‍ഗ്രസും സ്വയം മാറാന്‍ തയ്യാറല്ല. അതില്‍ ഏറ്റവും പുതിയ ഉദാഹരണം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നിന്നുള്ളതാണ്. കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരപരാധികളായ കുട്ടികള്‍ മരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഒരു കോണ്‍ഗ്രസ് നേതാവ് ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് മുതല കണ്ണുനീര്‍ ഒഴുക്കിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ അവര്‍ ഇതുവരെ കോട്ട ആശുപത്രി സന്ദര്‍ശിക്കാനോ മരണമടഞ്ഞ കുട്ടികളുടെ അമ്മമാരുടെ കണ്ണുനീര്‍ തുടയ്ക്കാനോ തയ്യാറായില്ല. അവരും ഒരു അമ്മയായിരിക്കെ ഇത്തരത്തില്‍ പെരുമാറുന്നത് നിര്‍ഭാഗ്യകരമാണ്”, മായാവതി ട്വീറ്റില്‍ പറഞ്ഞു.

നേരത്തെയും മായാവതി ഇതേ വിഷയത്തില്‍ പ്രിയങ്കയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. യു.പി സന്ദര്‍ശിക്കുന്നതുപോലെ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനില്‍ പ്രിയങ്ക ഇടക്കിടെ ചെന്നിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്നായിരുന്നു മായാവതി പറഞ്ഞത്.

കോട്ട ആശുപത്രിയില്‍ മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ സി.എ.എക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഇരയായവരോട് പ്രിയങ്ക കാണിക്കുന്ന സമീപനം രാഷ്ട്രീയ അവസരവാദമായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മായാവതി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more