| Monday, 10th February 2020, 8:32 pm

യു.പിയിലെ പൗരത്വ ഭേദഗതി പ്രതിഷേധങ്ങളിലെ അക്രമങ്ങള്‍; ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉത്തര്‍പ്രദേശില്‍ നടക്കുന്ന സമരങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നല്‍കിയ പരാതിയിലാണ് നോട്ടീസയച്ചത്.

നോട്ടീസിനോട് പ്രതികരിക്കാന്‍ ആറുമാസത്തെ സമയമാണ് സര്‍ക്കാരിന് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.

‘വിഷയത്തിന്റെ തീവ്രത കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്ന സമയത്തിനുള്ളില്‍ തന്നെ ആവശ്യമായ റിപ്പോര്‍ട്ട് അയക്കണമെന്ന് പ്രതീക്ഷിക്കുന്നു,’ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അയച്ച നോട്ടീസില്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായി അക്രമിക്കുകയും 20ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രിയങ്കാ ഗാന്ധി രാഹുല്‍ഗാന്ധി ക്കൊപ്പം മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച പൊലീസിന്റെ നടപടികളുടെ തെളിവുകളടക്കം 538 പേജുകളുള്ള നിവേദനമാണ് പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനങ്ങളോട് കാണിച്ചിട്ടുള്ള അതിക്രമങ്ങളുടെ തെളിവുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചു.

പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉറപ്പായും പ്രവര്‍ത്തിക്കേണ്ടതുണ്ട്. സിഡികളിലാക്കിയും ചിത്രങ്ങളും തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. അവിടെ 23 മരണങ്ങളുണ്ടായിട്ടും ഇതുവരെ എഫ്.ഐ.ആര്‍ ഇട്ടിട്ടില്ല,’ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

യുപിയില്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന ആക്രമണത്തില്‍ ദുരിതമനുഭവിച്ച ഇരകളുടെ കുടുംബങ്ങളെ പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുസഫര്‍ നഗറിലെയും മീററ്റിലെയും ലഖ്‌നൗവിലെയും ബിജ്‌നോറിലെയും കുടുംബങ്ങളെയാണ് പ്രിയങ്ക സന്ദര്‍ശിച്ചത്. രാജ്ഘട്ടില്‍ പാര്‍ട്ടി പ്രതീകാത്മക പ്രതിഷേധം നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more