ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉത്തര്‍പ്രദേശില്‍ നടക്കുന്ന സമരങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നല്‍കിയ പരാതിയിലാണ് നോട്ടീസയച്ചത്.
നോട്ടീസിനോട് പ്രതികരിക്കാന്‍ ആറുമാസത്തെ സമയമാണ് സര്‍ക്കാരിന് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.
‘വിഷയത്തിന്റെ തീവ്രത കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്ന സമയത്തിനുള്ളില്‍ തന്നെ ആവശ്യമായ റിപ്പോര്‍ട്ട് അയക്കണമെന്ന് പ്രതീക്ഷിക്കുന്നു,’ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അയച്ച നോട്ടീസില്‍ പറയുന്നു.
ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായി അക്രമിക്കുകയും 20ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രിയങ്കാ ഗാന്ധി രാഹുല്‍ഗാന്ധി ക്കൊപ്പം മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച പൊലീസിന്റെ നടപടികളുടെ തെളിവുകളടക്കം 538 പേജുകളുള്ള നിവേദനമാണ് പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചത്.
‘ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജനങ്ങളോട് കാണിച്ചിട്ടുള്ള അതിക്രമങ്ങളുടെ തെളിവുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചു.
പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉറപ്പായും പ്രവര്‍ത്തിക്കേണ്ടതുണ്ട്. സിഡികളിലാക്കിയും ചിത്രങ്ങളും തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. അവിടെ 23 മരണങ്ങളുണ്ടായിട്ടും ഇതുവരെ എഫ്.ഐ.ആര്‍ ഇട്ടിട്ടില്ല,’ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.