| Monday, 5th August 2024, 10:06 pm

പ്രക്ഷേപണ ബില്‍ നടപ്പിലാക്കി മാധ്യമങ്ങളുടെ വായടിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്: പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രക്ഷേപണ ബില്‍ നടപ്പിലാക്കി രാജ്യത്തെ മാധ്യമങ്ങളുടെ വായടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രക്ഷേപണ ബില്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

2023ലെ ബ്രോഡ്കാസ്റ്റിങ് സര്‍വീസ് റെഗുലേഷന്‍ ബില്‍ അവതരിപ്പിച്ച് മാധ്യമ സ്ഥാപനങ്ങളെ പൂട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രിയങ്ക പറഞ്ഞത്. ഈ നീക്കം രാജ്യത്തെ ഡിജിറ്റല്‍ മീഡിയ, സോഷ്യല്‍ മീഡിയ, ഓവര്‍-ദി ടോപ്പ് പ്ലാറ്റ്ഫോമുകള്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ബാധിക്കുമെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് വിമര്‍ശനം.

1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ആക്ട് മാറ്റിസ്ഥാപിക്കാനും ഇന്ത്യയിലെ പ്രക്ഷേപണ മേഖലയ്ക്കായി ഒരു ഏകീകൃത നിയമ ചട്ടക്കൂട് സൃഷ്ടിക്കാനുമാണ് ബില്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം 2023 നവംബര്‍ 10ന് ഓഹരി ഉടമകള്‍ക്ക് പൊതുവായ അഭിപ്രായങ്ങള്‍ പങ്കുവെക്കാനുള്ള ഇടമൊരുക്കിയെന്നും പ്രിയങ്ക പറഞ്ഞു.

പൗരസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമാണ് രാജ്യത്തെ രക്തസാക്ഷികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും മഹത്തായ പൈതൃകമെന്നും പ്രിയങ്ക കുറിച്ചു. പൗരന്മാര്‍ക്ക് ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നതിനെ കുറിച്ച് ഒരു സര്‍ക്കാരിനും ചിന്തിക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

മോദിയുടെയും നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണത്തില്‍ ഭയന്ന് രാജ്യത്തെ മാധ്യമങ്ങള്‍ ബി.ജെ.പിയുടെ മുഖപത്രങ്ങളായിരിക്കുകയാണ്. ഇനി പ്രക്ഷേപണ ബില്‍ നടപ്പിലാക്കി ഡിജിറ്റല്‍ മീഡിയയെ കൂടി നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി.

പ്രസ്തുത ബില്‍ ഓവര്‍-ദി-ടോപ്പ് പ്ലാറ്റ്ഫോമുകളുടെ സെന്‍സര്‍ഷിപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കും, ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്ററുകളായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും ഉള്ളടക്ക സ്രഷ്ടാക്കളുടെയും നിയന്ത്രണം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

Content Highlight: Priyanka Gandhi said that the central government is trying to silence the media in the country by implementing the Broadcasting Bill

We use cookies to give you the best possible experience. Learn more