| Saturday, 2nd May 2020, 7:04 pm

'പൊതുജനത്തിന്റെ കയ്യില്‍ നിന്ന് 100 രൂപ പി.എം കെയറിലേക്ക് വാങ്ങണമെന്ന് ഉത്തരവ്'; പി.എം കെയര്‍ ഓഡിറ്റ് നടത്തണമെന്ന് പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് മാഹാമാരി കാലത്ത് പ്രധാനമന്ത്രി പ്രത്യേകം രൂപീകരിച്ച പി.എം കെയര്‍ നിധിയെ സര്‍ക്കാര്‍ ഓഡിറ്റിന് വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എല്ലാവരുടെ കയ്യില്‍ നിന്നും 100 രൂപ വീതം വാങ്ങണമെന്നാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ബദോഹിയിലെ ജില്ലാ മജിസ്‌ട്രേറ്റ് വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കാര്‍ ഉത്തരവിനെ ഉദാഹരിച്ച് പ്രിയങ്ക പറഞ്ഞു.

‘ഈ സമയത്ത് ഒരു നിര്‍ദേശം മുന്നോട്ട് വെക്കുകയാണ്. റേഷനും വെള്ളത്തിനും പണത്തിനും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സമയത്ത് എല്ലാവരുടെയും കയ്യില്‍ നിന്ന് 100 രൂപ വീതം സര്‍ക്കാര്‍ വാങ്ങുന്നു. പി.എം കെയറിനെ കുറിച്ച് ഒരു സര്‍ക്കാര്‍ ഓഡിറ്റ് ആവശ്യമായി വന്നിരിക്കുകയാണ്’, പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ബദോഹിയിലെ ജില്ലാ മജിസ്‌ട്രേറ്റ് അയച്ച സര്‍ക്കുലറും ട്വീറ്റിനോടൊപ്പം ഉണ്ട്. മജിസ്‌ട്രേറ്റ് അയച്ച സര്‍ക്കുലറില്‍ ഓരോ ഉദ്യോഗസ്ഥന്‍മാര്‍ എത്ര രൂപ വീതം വെച്ച് പിരിച്ചെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്കിനെയും പറ്റിച്ച് നാട് വിട്ടവരുടെ 68,000 കോടി രൂപ എഴുതി തള്ളിയ നടപടിയെ കുറിച്ച് അന്വേഷിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

പി.എം കെയറിലേക്ക് വന്ന സംഭാവന തുകകള്‍ മുഴുവന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പി.എം കെയര്‍ സംവിധാനത്തെ ചോദ്യം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more