Advertisement
India
പ്രധാനമന്ത്രിയുടെ അംബാനി-അദാനി ആക്രമണത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 08, 11:40 am
Wednesday, 8th May 2024, 5:10 pm

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മണിക്കൂറുകൾക്കുള്ളിൽ മറുപടിയുമായി പ്രിയങ്ക ഗാന്ധി.

ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ മോദി കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ നിരവധി വിദ്വേഷ പ്രചരണങ്ങൾ നടത്തിയിരുന്നു. അതിൽ അടുത്തിടെ നടത്തിയ പരാമർശത്തിനെതിരെയാണ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

‘ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം രാഹുൽ ഗാന്ധി അംബാനിയെയോ അദാനിയേയോ വിമർശിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അവർ നിങ്ങൾക്ക് പണം തന്നിരുന്നോ? ഒരു ടെമ്പോ നിറയെ പണം ഇപ്പോൾ കോൺഗ്രസിൽ എത്തിയിരിക്കും. കഴിഞ്ഞ അഞ്ച് വർഷമായി വൻകിട കോർപറേറ്റുകളെ കുറ്റം പറഞ്ഞ രാഹുൽ ഗാന്ധി പെട്ടന്ന് നിശബ്‌ദനായതിൽ എന്തോ കള്ളം ഒളിഞ്ഞിരിക്കുന്നുണ്ട്,’ എന്നതായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ഇതിനെതിരെയാണ് രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. തന്റെ സഹോദരൻ എല്ലാദിവസവും അദാനിയെക്കുറിച്ചും അംബാനിയെക്കുറിച്ചും സംസാരിക്കാറുണ്ടെന്നും അദാനിയെക്കുറിച്ചുള്ള സത്യങ്ങൾ അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കാറുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയും വ്യവസായ പ്രമുഖരും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് രാഹുൽ ഗാന്ധി എല്ലാദിവസവും പൊതുജനങ്ങളോട് പറയാറുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

‘നരേന്ദ്ര മോദി തന്റെ സുഹൃത്തുക്കളുടെ 16 ലക്ഷം കോടി കടം എഴുതി തള്ളി എന്നാൽ പാവപ്പെട്ട കർഷകരുടെ ഒരു രൂപയെങ്കിലും എഴുതി തള്ളിയോ? ഇതിന് മോദി മറുപടി പറഞ്ഞേ മതിയാകു’, പ്രിയങ്ക നരേന്ദ്ര മോദിയെ വിമർശിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ മോദി കോൺഗ്രസിനെതിരെ നിരവധി വർഗീയ പരാമർശങ്ങളും പരിഹാസങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ഇതെല്ലം മോദിയുടെ കപട നാടകങ്ങളാണെന്നാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും പറയുന്നത്.

 

Content Highlight: Priyanka Gandhi’s response towards P.M