എക്‌സിറ്റ്‌പോളുകളില്‍ നിരാശരാവരുത്, സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് നിരീക്ഷണം തുടരണം: പ്രിയങ്കാഗാന്ധി
D' Election 2019
എക്‌സിറ്റ്‌പോളുകളില്‍ നിരാശരാവരുത്, സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് നിരീക്ഷണം തുടരണം: പ്രിയങ്കാഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2019, 7:56 am

ന്യൂദല്‍ഹി: എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ വീണ് പോവരുതെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഓഡിയോ സന്ദേശം.

‘പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരേ, സഹോദരീ സഹോദരന്മാരെ. ഊഹാപോഹങ്ങളിലും എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലും നിരാശരാവരുത്. നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കുന്നതിന് വേണ്ടിയുള്ളതാണിത്. നിങ്ങള്‍ ജാഗരൂകരായിരിക്കുക എന്നതാണ് പ്രധാനം. സ്‌ട്രോങ് റൂമുകള്‍ക്കും കൗണ്ടിങ് സ്‌റ്റേഷനുകള്‍ക്കും പുറത്ത് ഉണര്‍ന്നിരിക്കണം. നമ്മുടെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഫലം ഉണ്ടാവുമെന്ന് ഉറപ്പുണ്ട്.’ പ്രിയങ്കാഗാന്ധി പറഞ്ഞു.

ഞായറാഴ്ച അവസാനഘട്ട പോളിങ് കഴിഞ്ഞ് ആറു മണിയ്ക്ക് ശേഷം വന്ന 14 എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ പന്ത്രണ്ടും എന്‍.ഡി.എയ്ക്കാണ് ജയം പ്രവചിച്ചിരുന്നത്. ബി.ജെ.പി സഖ്യം 300 ലധികം സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 120 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും പ്രവചിക്കുന്നു.

എക്‌സിറ്റ്‌പോള്‍ ഗോസിപ്പുകളില്‍ വിശ്വസിക്കുന്നില്ലെന്ന് മമതാ ബാനര്‍ജിയും പ്രതികരിച്ചിരുന്നു. ഇ.വി.എമ്മുകളില്‍ കൃത്രിമം കാണിക്കുന്നതിനുള്ള ഗെയിംപ്ലാനാണ് എക്‌സിറ്റ്‌പോളുകളെന്നും മമത പ്രതികരിച്ചിരുന്നു.