|

'ഇന്ദിരാ ഗാന്ധി തിരിച്ചുവന്ന പോലെ തോന്നുന്നു'; തരംഗമായി യു.പിയില്‍ പ്രിയങ്കയുടെ റോഡ് ഷോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രിയങ്ക ഗാന്ധിയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അഭിവാദ്യമര്‍പ്പിച്ച് സംഘടിപ്പിച്ച റോഡ് ഷോയില്‍ വഴിയിലുടനീളം സ്വീകരണവുമായി പ്രവര്‍ത്തകരെത്തി.

രാഹുലിനും പ്രിയങ്കയ്ക്കും അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ നേതാക്കളെ വരവേറ്റത്. വഴിയിലുടനീളം പ്രിയങ്കയുടെ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രകടനം.

പ്രിയങ്കയില്‍ ഇന്ദിരാ ഗാന്ധിയെ കാണുന്നതായി യു.പിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരപന്തലില്‍ അപ്രതീക്ഷിത സന്ദര്‍ശകനായി ശിവസേന നേതാവ്

” ഇന്ദിര ഗാന്ധി തിരിച്ചുവന്ന പോലെ തോന്നുന്നു. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നും പ്രിയങ്ക യു.പി മുഖ്യമന്ത്രിയാകണമെന്നുമാണ് സംസ്ഥാനത്തെ കര്‍ഷകരുടെ ആഗ്രഹം.”



ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, പടിഞ്ഞാറന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും റോഡ്‌ഷോയുടെ ഭാഗമാകുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് യു.പി.സി.സി ആസ്ഥാനത്തേക്കാണ് യാത്ര.

ലക്‌നൗവില്‍ നടക്കുന്ന റാലിയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയുടെ വ്യക്തിപ്രഭാവം സംഘടനാതലത്തില്‍ പാര്‍ട്ടി തീര്‍ത്തും ദുര്‍ബലമായ സംസ്ഥാനത്ത് ചലനങ്ങളുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ALSO READ: അനീതിക്കെതിരെ പോരാടാനാണ് പ്രിയങ്കയേയും സിന്ധ്യയേയും ഉത്തര്‍പ്രദേശില്‍ നിയമിച്ചത്: രാഹുല്‍ ഗാന്ധി

പ്രിയങ്ക ഏറ്റെടുത്തിട്ടുള്ള 42 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തി കേന്ദ്രമായ ഗോരഖ്പുരും ഉള്‍പ്പെടുന്നു.

അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: