| Saturday, 11th January 2020, 2:53 pm

യു.പി പിടിച്ചാല്‍ ഇന്ത്യ പിടിക്കാം, തന്ത്രങ്ങളും കരുക്കളുമായി പ്രിയങ്കാ ഗാന്ധി; കോണ്‍ഗ്രസിന് പഴയ പ്രൗഢി തിരിച്ചുപിടിക്കാനാകുമോ?

നിമിഷ ടോം

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ പുതിയ രാഷ്ട്രീയ ചുവടുവെപ്പുകളില്‍ അത്യധികം പ്രതിരോധത്തിലായിരിക്കുകയാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് എന്നതില്‍ സംശയമില്ല. കേന്ദ്ര സര്‍വകലാശാലകളെയടക്കം ഗുണ്ടാ സംഘങ്ങളെയും സംഘ്പരിവാര്‍ കയ്യാളുകളെയും അയച്ച് അടിച്ചൊതുക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തിന് എങ്ങനെ കടിഞ്ഞാണിടുമെന്ന ആശങ്കയിലാണ് മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളടക്കം.

രാജ്യമൊട്ടാകെ പൗരത്വ നിയമ വിരുദ്ധ സമരം അലയടിക്കുകയും പുതിയ നേതാക്കള്‍ ഉയര്‍ന്നു വരികയും ചെയ്തിട്ടും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രക്ഷോഭത്തിന്റെ മുന്‍നിരകളിലെങ്ങുമില്ല എന്നത് കോണ്‍ഗ്രസിനെ അത്ര ചെറുതായല്ല തളര്‍ത്തുന്നത്. എന്നാല്‍ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയമുഖത്തേക്ക് കയറിവന്ന പ്രിയങ്കാ ഗാന്ധി ഈ പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്നതില്‍ കോണ്‍ഗ്രസിന് മാതൃകയാവുകയാണ്.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തിയത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലായിരുന്നു. അവിടെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി പല സ്ഥലങ്ങളിലും പ്രിയങ്കാ ഗാന്ധി നേരിട്ട് രംഗത്തെത്തി. ഡിസംബര്‍ 20, 21 ദിവസങ്ങളിലെ പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് നടത്തിയ അക്രമത്തില്‍ യു.പിയില്‍ മാത്രം 21 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട എല്ലാവരുടെയും വീടുകള്‍ പ്രിയങ്ക സന്ദര്‍ശിച്ചു. പത്ര തലക്കെട്ടുകളില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ഗേള്‍ ആയി പ്രിയങ്ക നിറഞ്ഞു നിന്നു.

പ്രിയങ്കയുടെ രാഷ്ട്രീയ എന്‍ട്രി

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയായിരുന്നു പ്രിയങ്ക മുഖ്യധാരാ രാഷ്ട്രീയത്തില്‍ സജീവമായത്. രാഹുല്‍ ഗാന്ധിയാണ് തന്റെ റോള്‍ മോഡലെന്ന പ്രഖ്യാപത്തോടെയായിരുന്നു പ്രിയങ്കയുടെ എന്‍ട്രി. എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് കണ്ണോടിച്ചാല്‍, പ്രിയങ്ക രാഹുലിനുമപ്പുറത്തേക്ക് വളര്‍ന്നു എന്ന് വ്യക്തമാണ്.

പ്രിയങ്ക രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്ഡഗ്രസ് നേതാവുമായ ദിഗ് വിജയ സിങിലൂടെയാണെന്ന് തോന്നിപ്പിക്കുംവിധമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍.

യു.പിയിലെ മാറി വന്ന കുത്തൊഴുക്കില്‍ ഉലഞ്ഞുപോയ കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത് ദിഗ് വിജയ സിങായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയാണ് 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖം മിനുക്കാനായത്. ദല്‍ഹിയിലെ ബട്ലാ ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ദിഗ് വിജയ സിങ് ശക്തമായി വാദിച്ചതും ഭീകരവാദ കേസുകളില്‍പെടുത്തി അസംഖഡിലെ മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തപ്പോള്‍ അവരുടെ വീടുകളില്‍ നേരിട്ടെത്തിയതും ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.

ദിഗ് വിജയ സിങ്

2008-ന്റെ അവസാന പാദത്തില്‍ ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ എടുത്ത നിലപാടുകളായിരുന്നു 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദിഗ് വിജയ സിങിന് വോട്ടുകളായി ലഭിച്ചത്. അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ യഥാര്‍ത്ഥത്തില്‍ തുണയായത് കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരിനായിരുന്നു. തുടര്‍ന്ന് മന്‍മോഹന്‍സിങിന് അനുകൂലമായ ഭരണ തരംഗമുണ്ടായി.

യു.പിയിലെ അതി സങ്കീര്‍ണമായ ജാതി രാഷ്ട്രീയത്തിലും സിങ് കൃത്യമായ നിലപാടെടുത്തിരുന്നു. എ.ഐ.സി.സി സെക്രട്ടറിയായിരിക്കെ ഉത്തര്‍പ്രദേശിന്റെ ചുമതല കൂടിയുണ്ടയിരുന്ന സിങ് മുസ്ലിം രാഷ്ട്രീയ ഏകീകരണത്തില്‍ വ്യക്തമായ പങ്കുവഹിച്ചു.

യു.പിയിലെ 19 ശതമാനം വരുന്ന മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ദിഗ് വിജയ സിങിന്റെ രീതി തന്നെയാണ് പ്രിയങ്ക ഏറ്റെടുത്തിരിക്കുന്നത്. രാഹുലിന്റെ കീഴില്‍ അപ്രസക്തമായിരുന്ന സിങിന്റെ രാഷ്ട്രീയ തന്ത്രം പ്രിയങ്ക പക്ഷേ, പ്രാധാന്യത്തോടെ പരിഗണിക്കുന്നതായി കാണാം.

2022-ലേക്കുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക ഉത്തര്‍പ്രദേശില്‍ സജീവമാണ്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 403 മണ്ഡലങ്ങളിലും ജാതി സമവാക്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ മുസ്‌ലിം വോട്ടുകളും ബ്രാഹ്മിണ്‍, ദളിത്, ഒ.ബി.സി വോട്ടുകളും നേടാനാണ് പ്രിയങ്കയുടെ ശ്രമം. ഇതിനായുള്ള പ്രിയങ്കയുടെ നീക്കമാണ് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏറെ മികച്ചതെന്ന് വ്യക്തമാണ്. പരമ്പരാഗത വോട്ടുകള്‍ തിരിച്ചുപിടിച്ച് പഴയ പ്രതാപത്തിലേക്ക് കോണ്‍ഗ്രസിനെ ഉയര്‍ത്തുകയാണ് പ്രിയങ്ക ഏറ്റെടുത്തിരിക്കുന്ന ദൗത്യം.

പ്രിയങ്കയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍

രാഹുലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും വിഭിന്നമായി മതന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതില്‍ അനാവശ്യ ജാഗ്രത പുലര്‍ത്താത്ത പ്രിയങ്കാ ഗാന്ധി, സംസ്ഥാനത്തെ 19 ശതമാനം വരുന്ന മുസ്‌ലിം ജനസംഖ്യയോട് ചേര്‍ന്നുനിന്നാണ് കണക്കുകൂട്ടലുകള്‍ നടത്തുന്നത്. ഇതിനായി ഉത്തര്‍പ്രദേശില്‍നിന്നും പ്രിയങ്ക തെരഞ്ഞെടുത്തത് ഇമ്രാന്‍ മസൂദിനെയാണ്.

സഹാരണ്‍പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇമ്രാന്‍ മസൂദിനെ നിര്‍ത്തുന്നതിലും പ്രിയങ്കയ്ക്ക് ആശങ്കയൊന്നുമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്രമോദിക്കെതിരായ മസൂദിന്റെ വിവാദ പരാമര്‍ശത്തോടുകൂടി രാഹുല്‍ ഗാന്ധി പ്രചരണ റാലിയില്‍നിന്നും വിട്ടുനിന്നിരുന്നു. അതേസമയം പ്രിയങ്കയാവട്ടെ, റോഡ് ഷോയ്ക്കുതന്നെ നേതൃത്വം കൊടുക്കുകയാണ് ചെയ്തത്.

പ്രിയങ്കാ ഗാന്ധി ഇമ്രാന്‍ മസൂദിനോടൊപ്പം റോഡ് ഷോയില്‍

ഒ.ബി.സി നേതാവായ അജയ് കുമാര്‍ ലല്ലുവിനെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാക്കുക വഴി 45 ശതമാനത്തോളമുള്ള ഒ.ബി.സി വോട്ടുകളെ വരുതിയിലാക്കാനും പ്രിയങ്ക കരുക്കള്‍ നീക്കുന്നു.

ബി.എസ്.പിയുടെ പ്രധാന വോട്ടുബാങ്കായ, സംസ്ഥാനത്തെ ജനസംഖ്യയുടെ 21 ശതമാനം വരുന്ന, ദളിത് വിഭാഗമാണ് പ്രിയങ്ക ലക്ഷ്യമിടുന്ന മറ്റൊരു കൂട്ടര്‍. ബി.എസ്.പിയിലേക്ക് ചേക്കേറിയ ദളിത് വിഭാഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ തിരിച്ചുപിടിക്കുക എന്ന കടമ്പയും പ്രിയങ്കയ്ക്ക് മുന്നിലുണ്ട്.

യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ബ്രാഹ്മണ വോട്ട് ബാങ്ക് കൈക്കലാക്കാനുള്ള ശ്രമവും പ്രിയങ്ക നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ പത്ത് ശതമാനം വരുന്ന ബ്രാഹ്മിണ്‍ വോട്ടുകളാണ് അവര്‍ ലക്ഷ്യമിടുന്നത്. ആചാര്യ പ്രമോദ് കൃഷ്ണമിനെ കളത്തിലിറക്കി ഈ വോട്ടുബാങ്ക് നേടിയെടുക്കാനുള്ള നീക്കങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

തന്ത്രങ്ങള്‍ മെനയുന്നതില്‍ ഇവര്‍ക്കൊപ്പം പ്രിയങ്കയുടെ കൂടെയുള്ളത് മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയും സി.പി.ഐ.എം.എല്ലിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ മുന്‍ വിദ്യാര്‍ത്ഥി നേതാവായ സന്ദീപ് സിങുമാണ്. സന്ദീപ് സിങാണ് രാഷ്ട്രീയത്തില്‍ പ്രിയങ്കയുടെ ഉപദേശകനും സന്തത സഹചാരിയും. തനിക്ക് രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞു നല്‍കിയിരുന്ന സന്ദീപിനെ രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്കുവേണ്ടി ഗോഥയില്‍ രാഷ്ട്രീയ പരിശീലനത്തായി വിട്ടുനല്‍കുകയായിരുന്നു.

സന്ദീപ് സിങ്‌

പ്രിയങ്കയുടെ മുസ്ലിം രാഷ്ട്രീയം യോഗിയുടെ യു.പിയില്‍ വിലപ്പോകുമോ എന്നതാണ് അടുത്ത ചോദ്യം.

ഇതിനുള്ള ഉത്തരമായി പ്രിയങ്ക പ്രവര്‍ത്തനങ്ങള്‍ യു.പിയില്‍ താഴെത്തട്ടില്‍നിന്നുതന്നെ ആരംഭിച്ചുകഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അഖിലേഷ് യാദവിന്റെ ചാരുകസേര രാഷ്ട്രീയത്തില്‍ നിരാശരായിക്കുന്ന മുസ്‌ലിം വോട്ടുകള്‍ പ്രിയങ്കയെ സ്വാഗതം ചെയ്‌തേക്കുമെന്നാണ് സൂചനകള്‍. പ്രിയങ്കയുടെ പ്രതീക്ഷയും അതുതന്നെയാണ്.

2022-ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പ്രിയങ്ക ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടതുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് ഏഴ് സീറ്റുകള്‍ മാത്രമായിരുന്നു. 2012ല്‍ 28 സീറ്റുകളുണ്ടായിരുന്ന പാര്‍ട്ടിയാണതെന്ന് ഓര്‍ക്കണം. കഴിഞ്ഞ നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍നിന്നും പാര്‍ലമെന്റിലെത്തിയ എം.പിമാരുടെ എണ്ണം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് യു.പിയില്‍ എത്രത്തോളം അപ്രസക്തമായിപ്പോയിരിക്കുന്നു എന്ന് വ്യക്തമാകും.

ഇതിനെ തിരുത്തിയെഴുതാനാണ് രാഹുല്‍ പ്രിയങ്കയെ യു.പിയിലേക്കയച്ചത്. എന്നാല്‍, തുടക്കക്കാരിയായ പ്രിയങ്കയ്ക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൈവരിക്കാനായില്ല. യു.പിയില്‍നിന്നും കോണ്‍ഗ്രസിന്റെ ഒരു എം.പിമാത്രമാണ് പാര്‍ലമെന്റിലേക്കെത്തിയത്.

എന്നാല്‍ പ്രിയങ്ക പിന്നീട് നടത്തിയ തീരുമാനങ്ങളിലേക്ക് ഒരു വിശകലനം നടത്തിയാല്‍ ആ ശ്രമങ്ങളൊന്നും അസ്ഥാനത്തായില്ല എന്ന് വ്യക്തമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാളിച്ചയ്ക്ക് ശേഷവും പ്രിയങ്ക യു.പിയില്‍ത്തന്നെ തുടര്‍ന്നു. എവിടെയാണ് പാളിച്ച എന്ന് പരിശോധന നടത്തി. പ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടി. ലോക്‌സഭ തെരഞ്ഞെടുപ്പിലെ 6.25 വോട്ട് ശതമാനത്തില്‍ നിന്ന് 11.7 ശതമാനത്തിലേക്കാണ് മാസങ്ങള്‍ക്കകം കോണ്‍ഗ്രസ് വളര്‍ന്നത്. ബി.എസ്.പിയുടെ കോട്ടകളിലെല്ലാം തന്നെ കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം നേടി.

ദിഗ് വിജയ സിങ്ങിനെ രാഷ്ട്രീയ മാതൃകയാക്കിയുള്ള ഉത്തര്‍പ്രദേശിലെ പ്രിയങ്കയുടെ തന്ത്രം അതി സാഹസികതയായി തോന്നിയേക്കാം. പക്ഷേ, ഈ സാഹസികത ഏറ്റെടുക്കാന്‍ പ്രിയങ്കയ്ക്ക് അവരുടേതായ കാരണങ്ങളുണ്ട്. ഉത്തര്‍പ്രദേശില്‍ മായാവതി സടകൊഴിഞ്ഞ സിംഹമായി മാറിയതോടെ ദളിതുകള്‍ക്ക് ഒരു ബദല്‍ അനിവാര്യമായിരിക്കുകയാണ്.

ദളിത് കീഴാള രാഷ്ട്രീയം പറഞ്ഞുകൊണ്ടും മായാവതിയുടെ അപ്രസക്തി മുതലെടുത്തുകൊണ്ടും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഒരു പൊളിറ്റിക്കല്‍ ഫിഗറായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മുഖം മിനുക്കിയേ മതിയാവൂ.

പാര്‍ട്ടിയോട് തന്നെ മനം മടുത്ത അവരുടെതന്നെ പ്രവര്‍ത്തകരിലേക്കാണ് പ്രിയങ്ക ആദ്യമെത്തേണ്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം പ്രിയങ്കയ്ക്ക് ഉപദേശം നല്‍കുന്നത്.

പ്രിയങ്കാ ഗാന്ധി പ്രിയങ്കാ ഫാക്ടറായതിന് പിന്നില്‍…

പ്രിയങ്കയുടെ യു.പി നീക്കത്തെ ആദ്യ ഘട്ടങ്ങളിലൊന്നും ശ്രദ്ധിക്കാതിരുന്ന ബി.ജെ.പിയുടെ യോഗി ആദിത്യനാഥിനും പ്രതിപക്ഷ കക്ഷിയായ ബി.എസ്.പി അധ്യക്ഷ മായാവതിക്കും നിലവില്‍ പ്രിയങ്കയ്ക്ക് നേരെ കണ്ണടക്കാന്‍ കഴിയാതെയായിട്ടുണ്ട്. യു.പിയിലെ പ്രധാന പ്രതിപക്ഷമായ ബി.എസ്.പിയും എസ്.പിയും മറന്നുപോയ ഇടങ്ങളിലേക്കൊക്കെ പ്രിയങ്ക വ്യക്തമായി കയറി നില്‍ക്കുന്നതാണ് കാണാന്‍ കഴിയുന്നത്.

ബി.ജെ.പി നേതാവ് ചിന്മയാനന്ദിന്റെ ലൈംഗികാതിക്രമത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസിനെ അണിനിരത്തിയതും വിസ്മരിച്ചുകൂടാ. വ്യക്തി എന്നതിനപ്പുറം കോണ്‍ഗ്രസ് എന്ന പ്രതിപക്ഷത്തെയായിരുന്നു പ്രിയങ്ക ഉയര്‍ത്തി നിര്‍ത്തിയതും.

കോണ്‍ഗ്രസിന്റെ അസ്തിത്വ പ്രതിസന്ധിയെ മറികടക്കാനുള്ള യാത്രയായിരുന്നു പ്രിയങ്ക വരാണസിയില്‍നിന്നും സോന്‍ഭഗ്രയെന്ന ദരിദ്ര ഗ്രാമത്തിലേക്ക് നടത്തിയത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തിയ സോണ്‍ഭദ്ര കൂട്ടക്കൊലയ്ക്ക് രാഷ്ട്രീയ മാനം നല്‍കുകയായിരുന്നു പ്രിയങ്ക. ആ യാത്രയിലൂടെ യഥാര്‍ത്ഥ പ്രതിപക്ഷം ചെയ്യേണ്ടത് എന്താണെന്ന് പ്രിയങ്ക പ്രവര്‍ത്തിച്ചുകാണിച്ചു.

അതു മനസിലാക്കിത്തന്നെയാണ് ഉടന്‍ ബി.ജെ.പി അതിനെ പ്രതിരോധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതും. ആ യാത്രയെ യോഗി ആദിത്യനാഥ് പാതിവഴിയില്‍ തടഞ്ഞു. തോല്‍ക്കാന്‍ പ്രിയങ്കയ്ക്ക് മനസില്ലായിരുന്നു. കാരണം, അവരുടെ ലക്ഷ്യം ആ ഒരു ദിവസം മാത്രമായിരുന്നില്ല.

സോന്‍ഭദ്രയിലേക്കുള്ള യാത്ര തടഞ്ഞതിനെതിരെ പ്രതിഷേധിക്കുന്നു

ഉത്തര്‍പ്രദേശില്‍ ആസന്ന മരണത്തെ കാത്തിരുന്ന കോണ്‍ഗ്രസിന് സ്ത്രീകളോടൊപ്പം കരയുന്ന പ്രിയങ്കയുടെ ചിത്രം ഒരു വാഗ്ദാനമായിരുന്നു.

സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരെ ജനം തെരുവിലിറങ്ങിയപ്പോള്‍ അവര്‍ക്കൊപ്പം ബി.എസ്.പിയോ എസ്.പിയോ എത്തിയില്ല എന്നതു മുസ്ലിം ന്യൂനപക്ഷങ്ങളെ നിരാശപ്പെടുത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം, പ്രിയങ്ക സമരമുഖത്ത് സജീവമായിരുന്നു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍

മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി സംസ്ഥാനത്തെ ഓരോ ജില്ലയില്‍നിന്നുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡിസംബര്‍ 14ന് പാര്‍ട്ടിയുടെ ഭാരത് ബച്ചാവോ റാലിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് വണ്ടികയറി. പ്രിയങ്ക ചുമതലയേറ്റെടുത്തതിന്റെ പ്രതിഫലനമാണ് ഇതെന്നാണ് കോണ്‍ഗ്രസ് നേതൃത്വമടക്കം സമ്മതിക്കുന്നത്.

യു.പിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പ്രിയങ്ക ശബ്ദമുയര്‍ത്തുകയും ക്രമസമാധാനത്തെച്ചൊല്ലി ആദിത്യനാഥ് സര്‍ക്കാരിനെതിരെ നിരന്തരം ചോദ്യങ്ങളുന്നയിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ബലാത്സംഗ കേസുകളുടെ എണ്ണം, പൊലീസ് അതിക്രമങ്ങള്‍, സി.എ.എ പ്രതിഷേധത്തിനിടെ സര്‍ക്കാര്‍ നടത്തിയ കൊലപാതകങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു.

അമേത്തിയിലും റായ് ബറേലിയും നായികാ റോളിനേക്കാള്‍ പരിചയസമ്പത്തുള്ള രാഷ്ട്രീയക്കാരിയായാണ് പ്രിയങ്ക രംഗത്തെത്തിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റെടുത്തുകൊണ്ടുള്ള പ്രിയങ്കയുടെ തുടക്കം വൈകിവന്ന രംഗപ്രവേശമായിരുന്നു. സ്ഥിരമായി രംഗത്തുള്ള ഒരാള്‍ക്കുപോലും രാഷ്ട്രീയത്തില്‍ പതം വന്ന മോദി യുഗത്തിലെ അമിത് ഷായെ നേരിട്ട് ആക്രമിക്കല്‍ ശ്രമകരമായ ജോലിയാണ്. എന്നിട്ടും പ്രിയങ്ക അത് ഭംഗിയായി നിര്‍വഹിച്ചു.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുത്തിയ ഓരോ സീറ്റും മുന്‍നിര്‍ത്തി വിശകലനം ചെയ്താല്‍ യോഗി സര്‍ക്കാരിനെതിരെ പ്രചരണം നടത്താനുള്ള ശരിയായ സമയമാണിതെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നുവേണം കരുതാന്‍.

ഉത്തര്‍പ്രദേശില്‍ ഇക്കാര്യങ്ങളില്‍ മാത്രമല്ലാതെ യോഗി ആദിത്യനാഥിനെ നേരിടാന്‍ പ്രത്യേക പദ്ധതികളും തന്നെ പ്രിയങ്ക തയ്യാറാക്കുന്നുണ്ട്. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും നേരിടാന്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലില്‍ നിന്നും പഠിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. ഇതിലൂടെ കോണ്‍ഗ്രസ് ഇടക്കെപ്പൊഴോ കൈമോശം വന്നുപോയ രാഷ്ട്രീയ അടിത്തറ തിരികെ പിടിക്കാനും.

പ്രിയങ്കയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ശരിയായ ദിശയിലാണോ എന്ന് മനസിലാകാന്‍ 2022 വരെ കാത്തിരിക്കുക തന്നെവേണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിമിഷ ടോം

We use cookies to give you the best possible experience. Learn more