ലഖ്‌നൗ: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയും സോണിയയും കൈക്കൊള്ളുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കിംവദന്തികളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഞങ്ങള്‍ തീരുമാനത്തിലെത്തിയാല്‍ ഉടന്‍തന്ന അത് അറിയിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ പ്രതികരണം.
അതേസമയം പ്രിയങ്ക വാരാണസിയില്‍ മത്സരിക്കുകയാണെങ്കില്‍ എസ്.പി ബി.എസ്.പി സഖ്യത്തിന്റെ പിന്തുണ തേടാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. പാര്‍ട്ടിയുടെ യു.പി ഘടകം ഇതുസംബന്ധിച്ച ആവശ്യം ഹൈക്കമാന്‍ഡിനോട് ഉന്നയിച്ചിരുന്നു.
പ്രിയങ്ക താല്‍പര്യമറിയിച്ചാല്‍ മത്സരിക്കാന്‍ അനുവദിക്കുമെന്ന് രാഹുല്‍ ഗാന്ധിയും നേരത്തെ വ്യക്തമാക്കിയിരുന്നു. വാരാണസിയില്‍ മോദിക്കെതിരെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതു സംബന്ധിച്ചു കക്ഷികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നതായാണ് സൂചന.
ഇതിന് പിന്നാലെ പ്രിയങ്ക അനുകൂല നിലപാട് എടുത്തെന്നാണ് റിപ്പോര്‍ട്ട്.