ലക്‌നൗ: അതിഥി തൊഴിലാളികള്‍ക്ക് ബസ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് യു.പി പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ ഇനിയും വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവിനെ സര്‍ക്കാര്‍ ഉന്നംവെച്ച് തടവറയിലാക്കിയിരിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.
ലല്ലുവിനെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സേവാ സത്യാഗ്രഹം തുടങ്ങുമെന്നും പ്രിയങ്ക അറിയിച്ചു.
മെയ് 17നാണ് ലല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബസുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
‘നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്നും നമ്മുടെ എതിരാളികള്‍ നമ്മെ തടയാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന് മഹാത്മാ ഗാന്ധി നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, സത്യാഗ്രഹത്തിന്റെ ഊര്‍ജ്ജം കൈക്കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ നമ്മള്‍ പ്രവര്‍ത്തിക്കണം. ജനങ്ങളെ സേവിച്ചതിന്റെ പേരിലാണ് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ ജയിലിലായത്. ജനങ്ങള്‍ക്ക് നിരന്തരം സേവനങ്ങള്‍ ചെയ്തുകൊണ്ട് ഇതിനെതിരെ പ്രതിഷേധിക്കണം’, പ്രിയങ്ക ട്വീറ്റ് ചെയ്തു.
അജയ്കുമാര്‍ ലല്ലുവിനെ വിട്ടയക്കാന്‍ യു.പി ആവശ്യപ്പെടുന്നു എന്ന ഹാഷ്ടാഗോടെയാണ് പ്രിയങ്കയുടെ ട്വീറ്റ്.
ലോക്ഡൗണ്‍ സമയത്ത് ലല്ലു പൊതുജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെയും പാവപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് പ്രിയങ്ക ഇക്കാര്യം ആഹ്വാനം ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക