ന്യൂദല്‍ഹി: ജാമിഅ മില്ലിയ, അലിഗഢ് മുസ്‌ലിം സര്‍വകലാശാലകളില്‍ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യാ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. പ്രതീകാത്മക പ്രതിഷേധമാണു തന്റെയെന്നും സമാധാനപരമായാണു തങ്ങള്‍ ഇതു ചെയ്യുന്നതെന്നും പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
നേതാക്കളായ അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, സുഷ്മിത ദേവ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നത്. നാലുമണിക്കാണു പ്രതിഷേധം ആരംഭിച്ചത്. എത്ര മണിവരെ ഇതു നീളുമെന്നോ ഇനിയും ആരൊക്കെ പങ്കെടുക്കുമെന്നോ ഉള്ള കാര്യം വ്യക്തമായിട്ടില്ല.
സര്‍ക്കാര്‍ ഭരണഘടനയെയും വിദ്യാര്‍ഥികളെയും ആക്രമിക്കുകയാണെന്ന് പ്രിയങ്ക നേരത്തേ ആരോപിച്ചിരുന്നു.
‘സര്‍ക്കാര്‍ ഭരണഘടനയെയും വിദ്യാര്‍ഥികളെയും ആക്രമിച്ചു. സര്‍വകലാശാലയില്‍ കയറിയാണ് അവര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത്. ഭരണഘടനയ്ക്കു വേണ്ടി ഞങ്ങള്‍ പോരാടും. ഈ സര്‍ക്കാരിനെതിരെ ഞങ്ങള്‍ പോരാടും.’- പ്രിയങ്ക പറഞ്ഞു.
മോദി സര്‍ക്കാര്‍ ഭീരുവാണ് എന്നതിന്റെ തെളിവാണ് ഇന്നലെ ജാമിഅയില്‍ നടന്ന സംഭവമെന്ന് പ്രിയങ്ക നേരത്തേ ആരോപിച്ചിരുന്നു.
‘രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പതുങ്ങിച്ചെന്ന് പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയാണ്. ജനങ്ങളെ ശ്രദ്ധിക്കേണ്ട ഒരു സമയത്ത്, വിദ്യാര്‍ത്ഥികളെയും പത്രപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ ഭീരുക്കളുടേതാണ്.’
ജനങ്ങളുടെ ശബ്ദത്തെ സര്‍ക്കാര്‍ ഭയക്കുകയാണ്. യുവാക്കളേയും വിദ്യാര്‍ത്ഥികളേയും അടിച്ചമര്‍ത്തുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്.
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിയ വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി മുഴുവന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
ജാമിയ സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.