| Tuesday, 19th May 2020, 6:51 pm

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ കൗശലം; സമ്മര്‍ദ്ദിലാഴ്ത്തിയത് ബി.ജെ.പിയെ മാത്രമല്ല, എസ്.പിയെയും ബി.എസ്.പിയെയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ ഉത്തര്‍പ്രദേശിലേക്ക് നടക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നയുടനേയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇവര്‍ക്ക് വേണ്ടി 1000 ബസ്സുകള്‍ വാഗ്ദാനം ചെയ്തത്. പ്രിയങ്ക ഗാന്ധിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ എതിരാളികളെ സമ്മര്‍ദ്ദത്തിലാഴ്ത്തി.

സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഈ നീക്കത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളായ എസ്.പി, ബി.എസ്.പി എന്നിവരെ മാത്രമല്ല ഭരണകക്ഷിയായ ബി.ജെ.പിയെയും സമ്മര്‍ദ്ദത്തിലാഴ്ത്തി. സര്‍ക്കാരിന് പ്രിയങ്കയുടെ വാഗ്ദാനം സ്വീകരിക്കേണ്ടി വന്നു.

പ്രിയങ്ക ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങളോടൊപ്പം ചേരാന്‍ എസ്.പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും നിര്‍ബന്ധിതരായി. ആദ്യം പ്രിയങ്ക ഗാന്ധിയുടേത് രാഷ്ട്രീയ നാടകമാണെന്നാണ് മായാവതി പ്രതികരിച്ചത്. തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

സംസ്ഥാനത്തുടനീളമുള്ള തൊഴിലാളികള്‍ക്കൊരു സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രതിപക്ഷത്താണെങ്കിലും ഞങ്ങള്‍ സഹായിക്കാന്‍ തയ്യാറാണെന്നാണ് ആ സന്ദേശമെന്ന് നിരീക്ഷകര്‍ പറയുന്നു.

‘ഇതൊരു പ്രതിസന്ധിയാണ്, വിഷയത്തില്‍ സര്‍ക്കാര്‍ പരുങ്ങിയപ്പോള്‍ കോണ്‍ഗ്രസ് കരുതുന്നത് തൊഴിലാളികളെ സഹായിച്ചതിലൂടെ രാഷ്ട്രീയ നേട്ടം കൈവരിച്ചുവെന്നാണ്’, ലഖ്‌നൗ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു.

നേരത്തെയും യു.പി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരെ പോരാടുന്ന ജനങ്ങളെ യു.പി സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്ന് പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.

പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെച്ചതിനെ തുടര്‍ന്ന് മരിച്ച രണ്ട് യുവാക്കളുടെ വീടുകളില്‍ ആദ്യമെത്തിയ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് പ്രിയങ്ക ഗാന്ധി ആയിരുന്നു. കഴിഞ്ഞ വര്‍ഷം പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തിന് അറസ്റ്റിലായ മുന്‍ ഐ.പി.എസ് ഓഫീസറും സാമൂഹ്യ പ്രവര്‍ത്തകനുമായ എസ്.ആര്‍ ധാരാപുരി അറസ്റ്റിലായപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടിലും പ്രിയങ്ക എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more