അതേസമയം തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ ബന്ധപ്പെട്ട രേഖകള്‍ കാണിച്ചിട്ടില്ലെന്ന് പ്രിയങ്കയും പറഞ്ഞു. ഈ നിമിഷം വരെയും അറസ്റ്റ് സംബന്ധിച്ച് തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ് ചെയ്ത് 36 മണിക്കൂര്‍ പിന്നിടുമ്പോഴും തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
നീണ്ട മുപ്പത് മണിക്കൂര്‍ കസ്റ്റഡിക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് താല്‍ക്കാലിക ജയിലാക്കാനാണ് തീരുമാനം.
സമാധാനം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ദീപേന്ദര്‍ സിംഗ് ഹൂഡ, ഉത്തര്‍പ്രദേശ് പി.സി.സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ഉള്‍പ്പടെ മറ്റു പത്തു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക ലഖിംപൂരിലേക്ക് പോയത്. എന്നാല്‍ വഴി മധ്യേ പ്രിയങ്കയെ പൊലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറിയത്.
നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.