| Friday, 5th March 2021, 3:49 pm

കന്യാകുമാരി പിടിക്കാന്‍ പ്രിയങ്ക വേണം; കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് ആവശ്യം. കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരമാണ് പ്രിയങ്കയെ ഉപതെരഞ്ഞെടുപ്പില്‍ കന്യാകുമാരി പിടിക്കാന്‍ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് അപേക്ഷയും നല്‍കി. നേരത്തെയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ കന്യാകുമാരിയില്‍ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് കന്യാകുമാരിയില്‍ ഉപതെരഞ്ഞെടുപ്പും നടക്കുക. ഈ പശ്ചാത്തലത്തിലാണ് കാര്‍ത്തി ചിദംബരം പ്രിയങ്കയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചത്.

കൊവിഡ് ബാധിച്ച് കോണ്‍ഗ്രസ് എം.പി എ.വസന്തകുമാര്‍ മരണപ്പെട്ടതോടുകൂടിയാണ് കന്യാകുമാരിയില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

അതേസമയം തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന്‍മേലുള്ള അവകാശവാദങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടുപോയി. 40 സീറ്റ് നല്‍കാനാവില്ലെന്ന് ഡി.എം.കെ അറിയിച്ചതോടെയാണ് പാര്‍ട്ടി നിലപാട് മയപ്പെടുത്തിയത്.

കോണ്‍ഗ്രസ് 30 സീറ്റെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 22 സീറ്റാണ് ഡി.എം.കെ വാഗ്ദാനം ചെയ്തിരിക്കുന്നത്. 24 സീറ്റിലേക്ക് അവസാനവട്ട ചര്‍ച്ച എത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

നേരത്തെ ഉമ്മന്‍ചാണ്ടിയും വീരപ്പമൊയ്ലിയും പങ്കെടുത്ത ചര്‍ച്ചയില്‍ 20 സീറ്റായിരുന്നു കോണ്‍ഗ്രസിന് നല്‍കുമെന്ന് ഡി.എം.കെ അറിയിച്ചിരുന്നത്.

2016 ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് എട്ട് സീറ്റിലാണ് വിജയിക്കാനായത്. ബീഹാര്‍ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് അധികം സീറ്റ് നല്‍കുന്നതില്‍ നിന്ന് ഡി.എം.കെയെ പിറകോട്ടടിപ്പിക്കുന്നത്.

മറ്റ് സഖ്യകക്ഷികളായ വി.സി.കെ, ഇടത് പാര്‍ട്ടികള്‍, എം.ഡി.എം.കെ മുസ്ലീം ലീഗ് എന്നിവരുമായുള്ള ഡി.എം.കെയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാന
ല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Priyanka Gandhi must contest from Kanyakumari says Karti Chidambarm

We use cookies to give you the best possible experience. Learn more