ലഖ്‌നൗ: യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക കഴിഞ്ഞ ദിവസം രാഷ്ട്രീയ ലോക് ദള്‍ അധ്യക്ഷന്‍ ജയന്ത് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി.
സമാജ്‌വാദി പാര്‍ട്ടിയുമായുള്ള ആര്‍.എല്‍.ഡിയുടെ സഖ്യത്തില്‍ അന്തിമ ധാരണയായതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ആര്‍.എല്‍.ഡിയുമായി സഖ്യം ഉണ്ടാകുമെന്ന് സമാജ്‌വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. സീറ്റ് പങ്കിടുന്നതില്‍ മാത്രമേ ഇനി ധാരണയിലെത്താന്‍ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടിയെ (എസ്.പി) സമ്മര്‍ദത്തിലാക്കാനുള്ള രാഷ്ട്രീയ ലോക്ദളിന്റെ (ആര്‍.എല്‍.ഡി) തന്ത്രപരമായ നീക്കമായാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
എന്നാല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനല്ല, ഇതൊരു അനൗപചാരിക കൂടിക്കാഴ്ചയായിരുന്നെന്നാണ് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ആര്‍.എല്‍.ഡി നേതാവ് പ്രതികരിച്ചത്. മുന്‍കാല നേതാക്കള്‍ക്കിടയില്‍ ഇത്തരം കൂടിക്കാഴ്ച നിലനിന്നിരുന്നെന്നും ബി.ജെ.പി ഈ പ്രവണത മാറ്റി, രാഷ്ട്രീയത്തില്‍ ആളുകള്‍ പരസ്പരം ശത്രുക്കളാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു. തിങ്കളാഴ്ചയാണ് അദ്ദേഹം തന്റെ തീരുമാനം പ്രഖ്യാപിച്ചത്.