| Thursday, 29th October 2020, 1:22 pm

ഇനിയെന്തെങ്കിലും ചെയ്യാനുണ്ടോ? ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ മായാവതിയോട് പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ വേണമെങ്കില്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച ബി.എസ്.പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇതില്‍ കൂടുതല്‍ ഇനി എന്തെങ്കിലും ഉണ്ടോ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ട്വിറ്ററിലായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

നേരത്തെ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യം ചേര്‍ന്നത് തെറ്റായിപ്പോയെന്ന് മായാവതി പറഞ്ഞിരുന്നു.

വരാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.പിയെ പരാജയപ്പെടുത്താന്‍ ഏതറ്റംവരേയും പോകുമെന്നും മായാവതി പറഞ്ഞു.

‘എസ്.പിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയ്ക്ക് മേല്‍ ആര്‍ക്കാണോ ഏറ്റവും വിജയസാധ്യത അയാള്‍ക്ക് ബി.എസ്.പിയുടെ എല്ലാ എം.എല്‍.എമാരും വോട്ട് ചെയ്യും. അത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്കാണെങ്കിലും ചെയ്യും’, മായാവതി പറഞ്ഞു.

1995 ലെ എസ്.പിയ്‌ക്കെതിരായ കേസ് പിന്‍വലിച്ചത് തെറ്റായിപ്പോയെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. 2019 ലെ സഖ്യത്തെ മുന്‍നിര്‍ത്തി അഖിലേഷ് യാദവ് പറഞ്ഞത് പ്രകാരമാണ് താന്‍ കേസ് പിന്‍വലിച്ചതെന്നും മായാവതി പറഞ്ഞു.

1995 ല്‍ മുലായം സിംഗ് യാദവ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ മായാവതിയ്‌ക്കെതിരെ എസ്.പി പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.

എന്നാല്‍ ബി.ജെ.പിയ്‌ക്കെതിരെ വിശാലസഖ്യം എന്ന നിലയില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചുമത്സരിച്ചപ്പോള്‍ കേസ് പിന്‍വലിക്കാന്‍ മായാവതി തയ്യാറാകുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം എസ്.പി വഞ്ചനാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി.

നേരത്തെ ബി.എസ്.പിയുടെ എം.എല്‍.എമാര്‍ എസ്.പിയില്‍ ചേര്‍ന്നിരുന്നു. അഞ്ച് എം.എല്‍.എമാരാണ് പാര്‍ട്ടി വിട്ട് അഖിലേഷിനൊപ്പം ചേര്‍ന്നത്.

ഇതിന് പിന്നാലെയാണ് രൂക്ഷപ്രതികരണവുമായി മായാവതി രംഗത്തെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Priyanka Gandhi Mayawati Vote for BJP SP BSP

We use cookies to give you the best possible experience. Learn more