ലക്നൗ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് പ്രിയങ്ക ഗാന്ധി.
ഹാത്രാസില്‍ സെപ്തംബര്‍ നാലിന് ക്രൂരമായ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു. ഇതിനിടയാണ് ഹാത്രാസിലെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് പ്രിയങ്ക വ്യക്തമാക്കിയത്.
ഹാത്രാസ് വിഷയത്തില്‍ ട്വിറ്ററിലൂടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി ആദിത്യനാഥിനെതിരെയും കടുത്ത വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു.
കുടുംബത്തിന് അന്ത്യകര്‍മ്മം ചെയ്യാന്‍ പോലും അവസരം നല്‍കാതെ ഹാത്രാസിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച മുഖ്യമന്ത്രി ആദിത്യനാഥിനോട് കഴിഞ്ഞ 14 ദിവസമായി നിങ്ങള്‍ ഉറങ്ങുകയായിരുന്നോ എന്നാണ് പ്രിയങ്ക ഗാന്ധി ചോദിച്ചത്. എന്ത് കൊണ്ടാണ് വിഷയത്തില്‍ താങ്കള്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്നതെന്നും എന്ത് തരം മുഖ്യമന്ത്രിയാണ് നിങ്ങളെന്നും പ്രിയങ്ക ചോദിച്ചിരുന്നു.
”പെണ്‍കുട്ടി മരണപ്പെട്ടുവെന്ന് കുടുംബത്തെ അറിയിക്കുന്ന സമയത്ത് അവളുടെ അച്ഛനോട് സംസാരിക്കുകയായിരുന്നു ഞാന്‍. അദ്ദേഹം ദുഃഖത്താല്‍ പൊട്ടികരയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് എന്റെ മകള്‍ക്ക് നീതി കിട്ടണമെന്നായിരുന്നു”. തന്റെ മകളെ അവസാനമായി കാണാനും അവള്‍ക്ക് അന്ത്യകര്‍മ്മം ചെയ്യാനുമുള്ള അവകാശമാണ് അദ്ദേഹത്തിന് സര്‍ക്കാര്‍ നിഷേധിച്ചതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്.
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്തത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയെ ദല്‍ഹിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നാക്ക് മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഹാത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തത്.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തക്കുമോയെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Priyanka Gandhi likely to visity Hatras Dalit family