ഗോഡ്‌സെ ദേശഭക്തനാണെങ്കില്‍ മഹാത്മാഗാന്ധി ആരായിരുന്നു?; പ്രജ്ഞാസിങ് ഠാക്കൂറിനെതിരെ പ്രിയങ്ക
ന്യൂദല്‍ഹി: ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെ ദേശഭക്തനാണെന്ന പ്രജ്ഞാസിങ് ഠാക്കൂറിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഗോഡ്‌സെ ദേശഭക്തനാണെങ്കില്‍ മഹാത്മാഗാന്ധി ആരായിരുന്നു എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.
‘ബാപ്പുവിന്റെ ഘാതകന്‍ ഒരു ദേശഭക്തനാണോ? ഹേ റാം,’ നിങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തെ തള്ളിപറഞ്ഞാല്‍ മാത്രം മതിയാവില്ല.
ബി.ജെ.പിയുടെ നേതാക്കള്‍ ഈ കാര്യത്തിലെ നിങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം’ പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ പ്രജ്ഞാസിങ് ഠാക്കൂറിന്റെ പ്രസ്താവന ബി.ജെ.പിയുടെ നിലപാടല്ലെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രജ്ഞാസിങ് മാപ്പ് പറയണെന്നും നരസിംഹ റാവു പറഞ്ഞിരുന്നു.
ദേശഭക്തനാണെന്ന് മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ബി.ജെ.പിയുടെ ഭോപാല്‍ സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ പറഞ്ഞിരുന്നു.
ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പ്രജ്ഞാ സിംഗ്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരവാദിയാണ് നാഥുറാം ഗോദ്‌സെയെന്ന പരാമര്‍ശത്തിന്റെ പേരില്‍ കമല്‍ഹാസനെതിരെ പത്തിലേറെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് അറവാകുറിച്ചി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഹിന്ദു സംഘടനകളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ഹാസന്‍ ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പറഞ്ഞത്.