ഭോപ്പാല്‍: ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ഓരോ ദിവസവും വാര്‍ത്തകളില്‍ നിറയുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര. ഇത്തവണ അക്ഷരാര്‍ഥത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണ് അവര്‍ ശ്രദ്ധേയയാകുന്നത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബാരിക്കേഡ് ചാടിക്കടന്ന് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രിയങ്കയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.
ഭോപാലിലെ രത്‌ലമിലുള്ള നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സംഭവം. ചര്‍ച്ചയ്ക്ക് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്. 2009-ലാണ് പ്രിയങ്ക അവസാനമായി ഇവിടെയെത്തിയത്. അതും അമ്മ സോണിയാ ഗാന്ധിക്കൊപ്പം. ഇതേ സ്റ്റേഡിയത്തില്‍ മുന്‍പ് ഇന്ദിരാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും എത്തിയിട്ടുണ്ടു താനും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കാന്തിലാല്‍ ഭൂരിയയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കാനാണ് ഇന്നു പ്രിയങ്ക ഇവിടെയെത്തിയത്. പ്രസംഗത്തിനുശേഷമായിരുന്നു ജനങ്ങളുടെ അടുത്തേക്കുള്ള പ്രിയങ്കയുടെ വരവ്. ‘പ്രിയങ്കാ ദീദി’ എന്ന മുദ്രാവാക്യം മുഴങ്ങുന്നതിനിടെയായിരുന്നു എസ്.പി.ജി സുരക്ഷയുള്ള പ്രിയങ്ക തടികൊണ്ടുള്ള ബാരിക്കേഡ് മറികടന്നത്.
ജനങ്ങള്‍ക്കിടയിലെത്തിയ പ്രിയങ്ക അവരോടു സംസാരിക്കുകയും സെല്‍ഫിയെടുക്കുകയും ചെയ്തു.
കഴിഞ്ഞദിവസം ട്യൂമര്‍ ബാധിച്ച കുഞ്ഞിനെ എയിംസിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ സഹായിച്ച പ്രിയങ്ക ഏറെ ചര്‍ച്ചയായിരുന്നു. ഉത്തര്‍പ്രദേശിലെ കമല നെഹ്‌റു ആശുപത്രിയില്‍ നിന്നാണ് 2 വയസ്സുള്ള പെണ്‍കുഞ്ഞിനെ പ്രിയങ്ക തന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തത്. പ്രയാഗ്രാജ് മണ്ഡലത്തില്‍ പ്രചാരണം നടത്തുകയായിരുന്ന കോണ്‍ഗ്രസ്സ് നേതാവ് കുഞ്ഞിനെക്കുറിച്ച് കേട്ടറിഞ്ഞു. ഇദ്ദേഹം അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് ഡല്‍ഹിയില്‍ മികച്ച ചികിത്സ ലഭ്യമാക്കാനുള്ള അവസരം പ്രിയങ്ക ഒരുക്കിയത്.
മധ്യപ്രദേശിലെ എട്ട് സീറ്റുകളാണ് ഇനി പോളിങ് ബൂത്തിലെത്താനുള്ളത്. ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷം നീണ്ട ബി.ജെ.പി ഭരണത്തെ തുടച്ചുനീക്കിയായിരുന്നു കോണ്‍ഗ്രസ് ഇവിടെ അധികാരത്തിലെത്തിയത്.
വീഡിയോ കടപ്പാട്: എന്‍.ഡി.ടി.വി