| Tuesday, 23rd February 2021, 7:49 pm

കര്‍ഷക വിരുദ്ധനാണ്, ഗോവര്‍ധനവും വില്‍ക്കും; മോദിയുടെ അഹംഭാവം ശ്രീകൃഷ്ണന്‍ ഇല്ലാതാക്കുമെന്ന് പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹംഭാവം ഭഗവാന്‍ കൃഷ്ണന്‍ തീര്‍ത്തുകൊടുക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ വെച്ച് നടന്ന കിസാന്‍ മഹാപഞ്ചായത്തിനിടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

‘നിരവധി പേരുടെ അഹങ്കാരം ഇല്ലാതാക്കിയ ആളാണ് ഭഗവാന്‍ കൃഷ്ണന്‍. പ്രധാനമന്ത്രിയുടെ ഇപ്പോഴുള്ള അഹംഭാവം ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇല്ലാതാക്കും. അന്നദാതാക്കളായ കര്‍ഷകരെ ക്രൂരമായി ഉപദ്രവിക്കുകയാണ് മോദി സര്‍ക്കാര്‍’, പ്രിയങ്ക പറഞ്ഞു.

അതേസമയം രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വില്‍ക്കുന്ന മോദി ശ്രീകൃഷ്ണ വിശ്വാസികളുടെ ആരാധന പ്രദേശമായ മഥുരയിലെ ഗോവര്‍ധനവും വില്‍ക്കുമെന്ന് പ്രിയങ്ക പറഞ്ഞു. ഗോവര്‍ധനത്തെ മോദിയില്‍ നിന്ന് രക്ഷിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

മഥുരയില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യുന്നതിനിടെ ‘രാധേ രാധേ’ എന്ന് മുഴക്കിക്കൊണ്ടാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണോ ഉത്തര്‍പ്രദേശിലെ പ്രചരണത്തില്‍ വെളിവാകുന്നതെന്ന് നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടി പ്രതാപം വീണ്ടെടുക്കാനായി കോണ്‍ഗ്രസ് ശക്തമായ പ്രചരണമാണ് നടത്തിവരുന്നത്.

നേരത്തെ പ്രിയങ്ക ഗാന്ധി സംസ്ഥാനത്തെ ചില ആത്മീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയും ക്ഷേത്രദര്‍ശനവും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പുതിയ വഴികളാണെന്ന് നിരീക്ഷകര്‍ പറഞ്ഞിരുന്നു.

സംസ്ഥാനം ഭരിക്കുന്ന യോഗി സര്‍ക്കാരിനെതിരെ കര്‍ഷക സമരത്ത ആയുധമാക്കിയ കോണ്‍ഗ്രസിന്റെ ക്ഷേത്രസന്ദര്‍ശനവും ആത്മീയാചാര്യന്‍മാരുമായുള്ള കൂടിക്കാഴ്ചയും പാര്‍ട്ടി ഒരു മൃദു ഹിന്ദുത്വ നിലപാടാണോ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതെന്ന സംശയവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

യു.പിയിലെ പ്രസിദ്ധമായ ത്രിവേണി സംഗമത്തിലെ മൗനി അമാവസി ആഘോഷങ്ങളില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയുടെ ചിത്രം ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ യു.പിയിലെ തന്നെ മങ്കേശ്വര്‍ ക്ഷേത്രദര്‍ശനം നടത്തിയും പ്രിയങ്ക ഈ പ്രചരണത്തിന് കൂടുതല്‍ ശക്തിപകരുകയായിരുന്നു.

കൂടാതെ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയും പ്രിയങ്കയുമായുള്ള കൂടിക്കാഴ്ചയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അരക്കെട്ടുറപ്പിക്കാനൊരുങ്ങുന്നുവെന്നതിന്റെ സൂചന തന്നെയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Priyanka Gandhi invokes Lord Krishna to attack PM Narendra Modi

We use cookies to give you the best possible experience. Learn more