സംബാല്‍: ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കായി പ്രിയങ്ക ഗാന്ധി തന്നെ മുന്നോട്ട് വരികയും പോരാടുകയും ചെയ്ത രീതി ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനോട് പുതിയ വിശ്വാസം സൃഷ്ടിച്ചെന്ന് ദിഗ്‌വിജയ് സിംഗ്.
കര്‍ഷകരോ തൊഴിലാളികളോ വ്യാപാരികളോ ആകട്ടെ, പ്രിയങ്ക ഗാന്ധി മുന്‍കൈയെടുത്ത് ഉത്തര്‍പ്രദേശില്‍ പുതിയ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്. മുമ്പ് ആരും കോണ്‍ഗ്രസിനെ കുറിച്ച് പറയാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയെ കുറിച്ച് സംസാരിക്കുന്നു. ഇത് തന്നെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി തന്നെ ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയെന്ന് പറഞ്ഞത് ആശ്ചര്യകരമാണ്, എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ കോണ്‍ഗ്രസിനെ തളച്ച ബി.എസ്.പി അധ്യക്ഷ മായാവതിയെക്കുറിച്ചുള്ള ചോദ്യത്തിന്, മായാവതി ജനിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് ദളിതുകളെ സേവിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മഹാത്മാഗാന്ധി 1920-കളില്‍ തൊട്ടുകൂടായ്മയ്‌ക്കെതിരെ ഒരു കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഭരണഘടനയിലെ സമത്വമെന്ന ആശയം കോണ്‍ഗ്രസിന്റെ സംഭാവനയാണ്. മായാവതിക്ക് ചരിത്രം അറിയില്ല.
മുഹമ്മദ് അലി ജിന്നയെക്കുറിച്ച് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടുത്തിടെ നടത്തിയ പരാമര്‍ശത്തില്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ ജിന്നയുടെ ശവകുടീരത്തില്‍ ചാദര്‍ (പൊന്നാട) അര്‍പ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് മതവുമായി യാതൊരു ബന്ധവുമില്ല. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭയം വളര്‍ത്തി വിദ്വേഷം സൃഷ്ടിച്ച് വിദ്വേഷം സൃഷ്ടിക്കുക മാത്രമാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനം. 1925 മുതല്‍ രാഷ്ട്രീയ സ്വയംസേവക സംഘം ഭയത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.