ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണെന്ന ബി.ജെ.പി യുടെ ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബി.ജെ.പി യുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നു പറഞ്ഞ അവര്‍, ഗാന്ധി അവസാനമായി പറഞ്ഞ വാക്ക് ‘ഹേ റാം’ എന്നാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.
‘ബി.ജെ.പി അധികാരത്തില്‍ വന്നതിനു ശേഷം ഞങ്ങള്‍ ഹിന്ദു വിരുദ്ധ പാര്‍ട്ടിയായി മുദ്ര കുത്തപ്പെട്ടു. ഇതിനെല്ലാം പിന്നിലുള്ളത് ബി.ജെ.പി യുടെ തന്ത്രങ്ങളാണ്’ പ്രിയങ്ക പറഞ്ഞു.
ഇന്ത്യയുടെ പിതാവാണ് ഞങ്ങളുടെ നേതാവെന്ന് പറഞ്ഞ അവര്‍ സ്വാതന്ത്ര്യമാണ് തങ്ങളുടെ പാതയെന്നും കൂട്ടിച്ചേര്‍ത്തു. സത്യത്തെ അടിസ്ഥാനമാക്കിയാണ് ഗാന്ധി സ്വാതന്ത്ര്യ സമരം നയിച്ചത്. സത്യമേവ ജയതേ എന്നതായിരുന്നു സ്വാതന്ത്ര്യ സമരത്തിന്റെ ആപ്തവാക്യം. അതാണ് തങ്ങളുടെ രാഷ്ട്രീയം. അതിലുറച്ചു നിന്നു കൊണ്ട് തന്നെയാണ് ഈ പാര്‍ട്ടി ഇപ്പോഴും മുന്നോട്ട് ചലിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന് കീഴിലുള്ള നിയോജക മണ്ഡലത്തില്‍ വികസനം നടന്നിട്ടില്ലെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയായി രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അമേഠിക്ക് വേണ്ടി ചെയ്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റാരും ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും പ്രിയങ്ക പറഞ്ഞു.
ബി.ജെ.പി യുടെ നുണ പ്രചരണങ്ങള്‍ ജനം തിരിച്ചറിയുമെന്നും, ആരാണ് വിദ്വേഷം പരത്തുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും പറഞ്ഞ അവര്‍ ഗാന്ധിയുടെ മഹത്വത്തില്‍ ഊറ്റം കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പറഞ്ഞു.
Content Highlight: Priyanka Gandhi Exclusive Interview: Gandhiji’s last words were Hey Ram; How Congress can be anti-Hindu: Priyanka Gandhi